Flash News

ചീമ്പനാല്‍ ചെക് ഡാം നിര്‍മാണ അഴിമതിയില്‍ ത്വരിതപരിശോധന നടത്തണമെന്ന്



മൂവാറ്റുപുഴ: കോട്ടയം ജില്ലയില്‍ കരൂര്‍ പഞ്ചായത്തില്‍ ജലനിധിയുമായി ബന്ധപ്പെട്ട ചീമ്പനാല്‍ ചെക് ഡാമിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നു കാണിച്ച് സമര്‍പ്പിച്ച ഹരജിയില്‍ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അടിമാലി പഞ്ചായത്തില്‍ ശുദ്ധജലവിതരണത്തിനായി നടപ്പാക്കിയ അടിമാലി ലാര്‍ജ് വാട്ടര്‍ സെപ്ലെ സ്‌കീമിനെക്കുറിച്ചും ത്വരിതാന്വേഷണം നടത്തണം. കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ശുദ്ധജലവിതരണ ശുചിത്വപദ്ധതിയായ ജലനിധിയുടെ ഭാഗമായി ളാലം തോടിന് ചേര്‍ന്നുള്ള കിണറിലെ ജലലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ചീമ്പനാല്‍ ചെക് ഡാം നിര്‍മിച്ചത്. ചെക് ഡാമിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് അനര്‍ഹനായ വ്യക്തിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസ്. നിര്‍മാണത്തില്‍ വളരെയധികം പാകപ്പിഴകളും സംഭവിച്ചു. ചെക്ഡാമിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച കോണ്‍ക്രീറ്റില്‍ വേണ്ടരീതിയില്‍ മിക്‌സിങും മറ്റും ചെയ്യാത്തതിനാല്‍ കോണ്‍ക്രീറ്റിനുള്ളില്‍ വിടവുകള്‍ വന്നതായും ആരോപണമുണ്ട്. ഇടുക്കി റീജ്യനല്‍ പ്രൊജക്റ്റ് മാനേജര്‍ റിട്ട. സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി കെ ജേക്കബാണ് ഹരജിക്കാരന്‍. കരൂര്‍ പഞ്ചായത്ത് സെക്രട്ടറി, പാല സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ തോമസ് വല്ലുമേല്‍, പ്രൊജക്റ്റ് കമ്മീഷണര്‍ മരിയ ടി ജോയി, കോണ്‍ട്രാക്ടര്‍മാരായ ടി ഡി ചന്ദ്രശേഖരന്‍, ബിജു അഗസ്റ്റിന്‍, കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ അശോക്കുമാര്‍ ഐഎഎസ് തുടങ്ങി 18 പേരെ കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്.  ഇടുക്കി, കോട്ടയം ജില്ലകളില്‍ തൊടുപുഴ റീജ്യനല്‍ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂനിറ്റിന്റെ ആഭിമുഖ്യത്തിലാണ് ജലനിധിയുടെ പദ്ധതികള്‍ നടപ്പാക്കുന്നത്. ലോകബാങ്കിന്റെ അന്തര്‍ദേശീയ വികസന അസോസിയേഷനാണ് പദ്ധതിക്കു വേണ്ട 75 ശതമാനം ഫണ്ടും നല്‍കുന്നത്. 20 കോടി രൂപയുടെ അടിമാലി ശുദ്ധജലവിതരണപദ്ധതിയില്‍ പൈപ്പുകള്‍ സ്ഥാപിച്ചതിലും ടാങ്കുകള്‍ നിര്‍മിച്ചതിലും അഞ്ചുകോടിയുടെ അഴിമതി നടന്നിട്ടുള്ളതായും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it