Flash News

ചീഫ് സെക്രട്ടറിക്ക് സുപ്രിംകോടതി നോട്ടീസ്‌

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിശ്ചയിച്ച സമയപരിധി ലംഘിച്ചതിന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് സുപ്രിംകോടതി കോടതിയലക്ഷ്യത്തിന് നോട്ടീസയച്ചു. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് നാല് ഇരകളുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. എന്നാല്‍, കോടതിയലക്ഷ്യ ഹരജിയില്‍ നേരിട്ടു ഹാജരാവുന്നതിന് ചീഫ് സെക്രട്ടറിക്ക് ഇളവു നല്‍കിയിട്ടുണ്ട്. ഇതുവരെ വിതരണം ചെയ്ത നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ മൂന്നുമാസത്തിനകം നടപ്പാക്കണമെന്ന് ജനുവരിയിലാണ് സുപ്രിംകോടതി ഉത്തരവിട്ടത്. 10 മാസമായിട്ടും ധനസഹായം വിതരണം ചെയ്യാത്തത് കോടതിയലക്ഷ്യമാണെന്നു കാണിച്ചാണ് ഇരകളുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരത്തിന് അര്‍ഹരായ 5,209 പേരില്‍ 1,350 പേര്‍ക്കു മാത്രമേ ഇതുവരെ തുക നല്‍കിയിട്ടുള്ളൂവെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ കാളീശ്വരം രാജ് പറഞ്ഞു. നഷ്ടപരിഹാരത്തുക വിതരണം ചെയ്തുവരുകയാണെന്നും വൈകാതെ ഇതു പൂര്‍ത്തിയാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഇതുവരെ വിതരണം ചെയ്ത നഷ്ടപരിഹാരത്തുകയുടെ വിവരങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it