ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍; അഞ്ചു കോടി പിടിച്ചെടുത്തു

കൊച്ചി: ദക്ഷിണമേഖല നാവികസേനാ ആസ്ഥാനത്ത് സിബിഐ റെയ്ഡ്. നേവി കോംപൗണ്ടില്‍ സ്ഥിതി ചെയ്യുന്ന സിവി ല്‍ വിഭാഗത്തിലാണ് ഇന്നലെ സിബിഐ റെയ്ഡ് നടത്തിയത്. നേവല്‍ബേസിനു സമീപമുള്ള മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ് ചീഫ് എന്‍ജിനീയറുടെ ഔദ്യോഗിക വസതിയിലും ഓഫിസിലുമായിരുന്നു പരിശോധന. ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റും ചെയ്തിട്ടുണ്ട്. കൊച്ചിക്ക് പുറമേ ദില്ലിയിലും  പരിശോധനയുണ്ടായിരുന്നു. രണ്ടിടങ്ങളില്‍ നിന്നുമായി അഞ്ച് കോടിയോളം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയില്‍ രേഖകളുള്‍പ്പെടെ കസ്റ്റഡിയിലെടുത്ത അന്വേഷണ ഉദ്യോഗസ്ഥര്‍ ചീഫ് എന്‍ജിനീയര്‍ രാകേഷ് കുമാര്‍ ഗാര്‍ഗിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  ഉച്ചയ്ക്കു ശേഷം ആരംഭിച്ച റെയ്ഡ് രാത്രിയോടെയാണു പൂ ര്‍ത്തിയായത്.
സിബിഐ കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥരായിരുന്നു പരിശോധനയ്ക്ക് എത്തിയത്. സിബിഐ എസ്പി നാവിക സേനയിലെ ഉന്നതരെ നേരിട്ടു ബന്ധപ്പെട്ട് അനുമതി വാങ്ങിയാണ് അകത്തു പ്രവേശിച്ചത്. ഇതേസമയം തന്നെ സിബിഐയുടെ മറ്റൊരു സംഘം കടാരിബാഗില്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ഫഌറ്റില്‍ ചീഫ് എന്‍ജിനീയര്‍ ഗാര്‍ഗിന്റെ താമസസ്ഥലത്തും പരിശോധന ആരംഭിച്ചു. നിര്‍മാണങ്ങളുമായി ബന്ധപ്പെട്ടുള്ള കരാറില്‍ തിരിമറികള്‍ നടന്നെന്നും ചീഫ് എന്‍ജിനീയര്‍ കൈക്കൂലി വാങ്ങിയെന്നുമുള്ള പരാതിയി ലാണ് റെയ്ഡ്. ദക്ഷിണ നാവികസേനയ്ക്കും തിരുവനന്തപുരത്തെ ദക്ഷിണ വ്യോമസേനയ്ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസാണ്. എന്നാല്‍, ഇക്കാര്യം നാവികസേനയോ സിബിഐ ഉദ്യോഗസ്ഥരോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, റെയ്ഡ് നടന്ന വിവരം നേവി അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു. സിവില്‍ ജോലികള്‍ക്കു ചുമതലപ്പെട്ട മിലിട്ടറി എന്‍ജിനീയറിങിന് സൈന്യവുമായി നേരിട്ടു ബന്ധമില്ലെന്നു നാവികസേനാ വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it