ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിച്ചുനീക്കാന്‍ നടപടികളുമായി ജില്ലാ ഭരണകൂടം

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലത്തെ അനധികൃത തടയണ പൊളിച്ചുനീക്കാന്‍ നടപടികളുമായി മലപ്പുറം ജില്ലാ ഭരണകൂടം. തടയണ പൊളിച്ചുനീക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവിനെതിരായ ഹൈക്കോടതി സ്‌റ്റേയില്‍ അന്തിമ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറലിന് കത്തയച്ചതായി ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. മഴ ശക്തമായതോടെ തടയണ താഴെയുള്ള ജനവാസമേഖലയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിലാണ് പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് സമീപമുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിച്ചുനീക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ദുരന്തനിവാരണ നിയമം അട്ടിമറിച്ച് അനധികൃതമായാണ് തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ അജീഷ് കുന്നത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ റിപോര്‍ട്ട് പരിഗണിച്ചാണ് ജില്ലാ കലക്ടര്‍ ദുരന്തനിവാരണ നിയമപ്രകാരം തടയണ രണ്ടാഴ്ചയ്ക്കകം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്.ചെറുകിട ജലസേചന വകുപ്പിനായിരുന്നു പൊളിച്ചുനീക്കാനുള്ള ചുമതല. ഇതിനിടെ പി വി അന്‍വറിന്റെ ഭാര്യാപിതാവ് അബ്ദുല്‍ ലത്തീഫ് ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി നല്‍കിയ സ്‌റ്റേ മറികടക്കാന്‍ മാസങ്ങളായിട്ടും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ ഹൈക്കോടതിയുടെ അന്തിമ ഉത്തരവിനായി അഡ്വക്കറ്റ് ജനറലിന് കത്ത് നല്‍കിയത്. കത്ത് ലഭിച്ചശേഷമാവും തുടര്‍നടപടികള്‍. മഴ ശക്തമായ സാഹചര്യത്തില്‍ തടയണ താഴ്‌വാരത്ത് കഴിയുന്നവര്‍ക്ക് ഭീഷണിയാവുമോ എന്നു പരിശോധിക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it