thrissur local

ചിറ്റണ്ടയില്‍ വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ നീക്കം

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ ചിറ്റണ്ടയില്‍ വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണകേന്ദ്രം സ്ഥാപിക്കാന്‍ നീക്കം. പദ്ധതി സംസ്ഥാന സര്‍ക്കാരിന്റേത്. ജനങ്ങള്‍ ആശങ്കയില്‍. ചിറ്റണ്ട പൂങ്ങോട് വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന മൂശാരിക്കുന്നിലാണ് ഫയര്‍ ക്രോക്കേഴ്‌സ് പ്രൊഡക്ട് ക്ലസ്റ്റര്‍ എന്ന വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രം നിര്‍മ്മിക്കാന്‍ തയ്യാറെടുപ്പ് നടക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രത്തിന്റെ നിര്‍മ്മാണം. ഇതിനായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥലം പരിശോധിച്ചെങ്കിലും ചിറ്റണ്ടയിലെ സ്ഥലം തിരഞ്ഞെടുക്കുകയായിരുന്നു. കണ്ടന്‍ചിറ വനാതിര്‍ത്തിയില്‍ ഉള്ള സ്വകാര്യ വ്യക്തിയുടെ 33 ഏക്കര്‍ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്.  സ്ഥലം ഏറ്റെടുക്കുന്ന നടപടിയുടെ ഭാഗമായി ജില്ലാ കലക്ടറുടേയും ജില്ലാ വ്യവസായ കേന്ദ്രം മാനേജരുടേയും നേതൃത്വത്തില്‍ റവന്യൂ, സര്‍വേ അഗ്‌നിശമനസേന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.
അതേസമയം വെടിക്കെട്ട് ശാലയുടെ നിര്‍മ്മാണത്തെ കുറിച്ചറിഞ്ഞ ചിറ്റണ്ട നിവാസികള്‍ ഭയപ്പാടിലാണ്. പരിസര പ്രദേശങ്ങളായ കുണ്ടന്നൂര്‍, മുട്ടിക്കല്‍, വേലൂര്‍, ദേശമംഗലം എന്നിവിടങ്ങളില്‍ പലപ്പോഴായി വെടിക്കെട്ട് നിര്‍മ്മാണ ശാലകള്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരുകിലോമീറ്ററോളം ചുറ്റളവിലുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയൂം ചെയ്തിട്ടുണ്ട്.
ഒരു മാസം മുന്‍പ് വെടിക്കെട്ട് സാമഗ്രികള്‍ പൊട്ടിത്തെറിച്ച് ഒരുവീട് പൂര്‍ണമായി തകരുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടവും സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിറ്റണ്ടയില്‍ വലിയ രീതിയിലുള്ള വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നത് ജനങ്ങളില്‍ ആശങ്കക്കിടയാക്കുന്നത്. ഇതിനെതിരെ മേഖലയില്‍ പ്രതിഷേധമുയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it