ചിപ്‌കോ മുന്നേറ്റത്തിന്റെ 45ാം വാര്‍ഷികം; ബഹുമാനസൂചകമായി ഗൂഗ്ള്‍ ഡൂഡില്‍

ന്യൂഡല്‍ഹി: വനസംരക്ഷണ പ്രസ്ഥാനമായ ചിപ്‌കോ സമരത്തിന്റെ 45ാം വാര്‍ഷികമാഘോഷിക്കുന്ന ഇന്ന് ഇന്ത്യയില്‍ ബഹുമാനസൂചകമായി ഗൂഗ്ള്‍ ഡൂഡിലൊരുക്കി. 1974 മാര്‍ച്ച് 26ന് ഇന്നത്തെ ഉത്തരാഖണ്ഡിലെ ചമോലിയിലെ ഗ്രാമീണ വനിതകള്‍ മരം കെട്ടിപ്പിടിച്ചു നടത്തിയ സമരത്തിന്റെ സ്മരണാര്‍ഥമാണ് മാര്‍ച്ച് 26 ചിപ്‌കോ മൂവ്‌മെന്റ് ദിനമായി ആചരിക്കുന്നത്.
ഇന്ത്യയിലെ തന്നെ പരിസ്ഥിതി സംരക്ഷണ സമരപ്രസ്ഥാനങ്ങളില്‍ പ്രശസ്തമായ ഒന്നാണ് ചിപ്‌കോ പ്രസ്ഥാനം. 1970കളില്‍ വനവൃക്ഷങ്ങള്‍ മുറിക്കുന്നതിന് കോണ്‍ട്രാക്ടര്‍മാരെ അനുവദിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നയത്തിനെതിരേ കര്‍ഷകരും ഗ്രാമീണ ജനങ്ങളും ഒത്തുചേര്‍ന്ന് സമരം നടത്തിയിരുന്നു. ഈ അക്രമരഹിത സമരമാണ് ചിപ്‌കോ മുന്നേറ്റമെന്ന പേരില്‍ പ്രശസ്തമായത്.
ചിപ്‌കോ എന്ന വാക്കിന്റെ അര്‍ഥം 'ചേര്‍ന്നുനില്‍ക്കൂ', 'ഒട്ടിനില്‍ക്കൂ' എന്നൊക്കെയാണ്. 1974 മാര്‍ച്ച് 26ന് ഉത്തരാഖണ്ഡിലെ (അന്ന് ഉത്തര്‍പ്രദേശിന്റെ ഭാഗമായിരുന്ന) ചമോലി ജില്ലയിലെ റെനി ഗ്രാമത്തില്‍ ഗ്രാമീണ വനിതകള്‍ നടത്തിയ സമരമാണ് ഈ പ്രക്ഷോഭത്തില്‍ നാഴികക്കല്ലായത്.
പരിസ്ഥിതിവാദത്തിന് പൊതുവായി നല്‍കിയ സംഭാവനകളിലൊന്നാണ് 'ആവാസവ്യവസ്ഥയാണ് സ്ഥിരസമ്പത്ത്' എന്ന മുദ്രാവാക്യവുമായി ഉയര്‍ന്ന ചിപ്‌കോ പ്രസ്ഥാനം. സുന്ദര്‍ലാല്‍ ബഹുഗുണ, ചണ്ടിപ്രസാദ് ഭട്ട് എന്നിവരായിരുന്നു പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത്. കര്‍ണാടകയിലെ അപ്പികോ പോലെ ചിപ്‌കോ പ്രസ്ഥാനവും പിന്നീട് വളരെ പ്രസിദ്ധമായി. 1987ല്‍ ചിപ്‌കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ്‌ലി ഹുഡ് പുരസ്‌കാരം ലഭിച്ചു.
Next Story

RELATED STORIES

Share it