ചിന്നാര്‍ ജലവൈദ്യുതപദ്ധതി നിര്‍മാണോദ്ഘാടനം നാളെ

തൊടുപുഴ: ഇടുക്കിയില്‍ ഒരു പതിറ്റാണ്ടിന് ശേഷം പുതിയൊരു ജലവൈദ്യുത പദ്ധതിക്ക് കൂടി തുടക്കമിടുന്നു. 24 മെഗാവാട്ട് ശേഷിയുള്ള ചിന്നാര്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോങ്ങളുടെ ഭാഗമായി 17ന് നടത്തും. മുരിക്കാശ്ശേരി കൊന്നത്തടി മങ്കുവയിലാണ് പുതിയ അണക്കെട്ട്.
ചിന്നാര്‍ മങ്കുവയില്‍ നിര്‍മിക്കുന്ന 150 മീറ്റര്‍ നീളവും 9.2 മീറ്റര്‍ ഉയരവുമുള്ള കോണ്‍ക്രീറ്റ് തടയണ, 3125 മീറ്റര്‍ നീളവും കോണ്‍ക്രീറ്റ് ലൈനിങ്ങോടെ 3.3 മീറ്റര്‍ വ്യാസമുള്ള തുരങ്കം, പനംകൂട്ടിയില്‍ നിര്‍മിക്കുന്ന പവര്‍ഹൗസ്, പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കാനുള്ള 550 മീറ്റര്‍ നീളവും 3 മീറ്റര്‍ വ്യാസവുമുള്ള പൈപ്പ് ലൈന്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാനഭാഗങ്ങള്‍. 269.87 കോടിയാണ് നിര്‍മാണ ചെലവ്. 2007ല്‍ നിര്‍മാണം തുടങ്ങിയ 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയാണ് ഇതിനുമുമ്പ് ജില്ലയില്‍ അവസാനമായി ആരംഭിച്ചത്. ഈ പദ്ധതിയുടെ നിര്‍മാണം 80 ശതമാനത്തോളം പൂര്‍ത്തിയായി.  വന്‍കിട പദ്ധതികളേറെയും നിര്‍മിക്കാന്‍ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ പാഴായി പോവുന്ന ജലസമ്പത്ത് പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചെറുകിട പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിവരുന്നതെന്ന് മന്ത്രി എം എം മണി വ്യക്തമാക്കി.  ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാവുമ്പോള്‍ 165 മെഗാവാട്ടിന്റെ സ്ഥാപിതശേഷി കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്കായി 109 പേരില്‍ നിന്നും 16.03 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതില്‍ 14.03 ഹെക്ടര്‍ ഏറ്റെടുത്തു. അണക്കെട്ട്, തുരങ്കം തുടങ്ങിയവയുടെ പ്രാരംഭ ജോലികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. 17ന് രാവിലെ 11ന് മുരിക്കാശ്ശേരി പ്രൈവറ്റ് ബസ്സ്റ്റാന്റ് അങ്കണത്തില്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വൈദ്യുതി മന്ത്രി എം എം മണി നിര്‍വഹിക്കും. റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷനാവും.
അതേസമയം, സംസ്ഥാനത്ത് പുതിയ  ജലവൈദ്യുത പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് മന്ത്രി എം എം മണി അഭിപ്രായപ്പെട്ടു. കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) സംഘടിപ്പിച്ച സെമിനാര്‍ എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് സോളാര്‍ പോലെയുള്ള നൂതന പദ്ധതികളിലാണ്. 1000 മെഗാവാട്ട് വൈദ്യുതി സോളാറില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it