ചിത്രകാരനും ശില്‍പിയുമായ അശാന്തന്‍ അന്തരിച്ചു

കൊച്ചി: ചിത്രകാരനും ശില്‍പിയുമായ അശാന്തന്‍ (മഹേഷ് -50) അന്തരിച്ചു. ഹൃദയാഘാതംമൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇടപ്പള്ളി ശ്മശാനത്തില്‍ നടത്തി. പോണേക്കര പീലിയാട് തമ്പില്‍ പരേതരായ കുട്ടപ്പന്റെയും കുറുമ്പയുടെയും മകനായ അശാന്തന്‍ (മഹേഷ്) ഫോര്‍ട്ട്‌കൊച്ചി ഏക ആര്‍ട്ട് ഗാലറിയിലെയും ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിലെയും ചിത്രകലാ, വാസ്തുകലാ അധ്യാപകനായിരുന്നു. 1998, 99, 2007 വര്‍ഷങ്ങളിലെ കേരള ലളിതകലാ അക്കാദമി അവാര്‍ഡുകളും പ്രഥമ സി എന്‍ കരുണാകരന്‍ സ്മാരക അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിദേശങ്ങളിലുള്‍പ്പെടെ 200ലേറെ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. അമച്വര്‍ നാടകരംഗത്തും പ്രവര്‍ത്തിച്ചിട്ടുള്ള അശാന്തന്‍(മഹേഷ്) നാടക സംവിധാനവും അഭിനയവും കലാസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ചങ്ങമ്പുഴയുടെ രമണന്‍ പെന്‍സില്‍ സ്‌കെച്ചുകളിലൂടെ ചിത്രരൂപത്തിലാക്കി വരുന്നതിനിടെയാണ് അന്ത്യം. കേരളത്തിലെ മണ്‍മറഞ്ഞതുള്‍െപ്പടെയുള്ള കാര്‍ഷിക ഗ്രാമീണ ഉപകരണങ്ങളെക്കുറിച്ചുള്ള സചിത്ര ഗ്രന്ഥത്തിന്റെ രചനയിലുമായിരുന്നു അശാന്തന്‍. മോളിയാണ് ഭാര്യ. ഇന്നലെ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അനുശോചനയോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, കലാനിരൂപകന്‍ എം എല്‍ ജോണി, ടി കലാധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it