Flash News

ചികില്‍സ ലഭിച്ചില്ല : ഇടമലക്കുടിയില്‍ 3 മരണം



തൊടുപുഴ: ഇടമലക്കുടിയില്‍ നിന്നു വീണ്ടും ദുരന്തവാര്‍ത്തകള്‍. ആശുപത്രി സൗകര്യമില്ലാത്തതാണ് കുടിയിലെ മൂന്നു ജീവനുകള്‍ നഷ്ടപ്പെടുന്നതിന് കാരണമായത്. കുടിയിലെ ഹെല്‍ത്ത് സെന്ററില്‍ മരുന്നില്ലാത്തതിനാല്‍ ചികില്‍സ ലഭിക്കാതെയാണ് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്.  കുടിയില്‍ നിന്നു പ്രസവവേദനയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ എത്തിച്ച ഗര്‍ഭിണിയും കുഞ്ഞും അവിടെ മരിച്ചു. ഇടമലക്കുടി ആണ്ടവന്‍കുടിയില്‍ സുരേഷ്-സെല്‍വിയമ്മ ദമ്പതികളുടെ ഒന്നര മാസം പ്രായമുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വയറിളക്കവും പനിയും അനുഭവപ്പെട്ട കുഞ്ഞിനെ സമീപത്തെ കുടിയിലെ ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരുന്നുകളില്ലായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടിലേക്കു കൊണ്ടുപോയി. കുട്ടിക്ക് നാട്ടുമരുന്നുകള്‍ മാത്രമാണ് നല്‍കിയത്. രാവിലെ 7 മണിയോടെ വീട്ടില്‍ വച്ചാണ് കുഞ്ഞ് മരിച്ചത്. കുട്ടിയുടെ മൃതദേഹം കുടിയില്‍ത്തന്നെ സംസ്‌കരിച്ചു. ഇടമലക്കുടി നൂറടിക്കുടയില്‍ രാജ്കുമാറിന്റെ ഭാര്യ അഞ്ചലമ്മ(26)യും കുഞ്ഞുമാണ് പ്രസവത്തെ തുടര്‍ന്നു മരിച്ചത്. പ്രസവവേദനയെ തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിനു ജന്മം നല്‍കി അല്‍പസമയത്തിനുള്ളില്‍ അമ്മയും രണ്ടു മണിക്കൂറിനു ശേഷം കുഞ്ഞും മരിച്ചു. ഇരുവരുടെയും മൃതദേഹം കുടിയിലെത്തിക്കാനായി അവിടെ നിന്ന് ഇന്നലെത്തന്നെ പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഇടമലക്കുടിയില്‍ യഥാസമയം ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചിരുന്നു. കീഴ്പത്താം കുടിയിലെ വാസുദേവന്‍-സുനിത ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. നവംബറിലും നവജാത ശിശു മരിച്ചിരുന്നു.
Next Story

RELATED STORIES

Share it