Kollam Local

ചികില്‍സ നിലച്ചു: നീലകണ്ഠന്‍ മാലിന്യ കൂമ്പാരത്തില്‍

മുളവൂര്‍ സതീഷ്

ശാസ്താംകോട്ട: ശാസ്താംകോട്ട ക്ഷേത്രത്തിലെ ആന നീലകണ്ഠന് നല്‍കി വന്നിരുന്ന ചികില്‍സകള്‍ നിലച്ചു. രോഗാതുരനായ ആന ഇപ്പോള്‍ നില്‍ക്കുന്നത് മാലിന്യ കൂമ്പാരത്തില്‍ ദുരിതത്തിലാണ്.
ക്ഷേത്രത്തില്‍ മുമ്പുണ്ടായിരുന്ന ആന മണികണ്ഠന്‍ ചരിഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ ആന നീലകണ്ഠനെ മൈനാഗപ്പള്ളി സ്വദേശിയായ അഭിജിത്കുമാര്‍ ബി പിള്ള പതിനാല് വര്‍ഷം  നടയ്ക്ക് ഇരുത്തിയത്.
രണ്ട് വര്‍ഷത്തിന്‌ശേഷം ആനയുടെ മുന്‍ ഇടത് കാലിന് നീര് ബാധിക്കുകയും നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. വാതമാണെന്ന ധാരണയില്‍ ചികില്‍സകള്‍ ഏറെ നല്‍കിയെങ്കിലും രോഗത്തിന് മാത്രം ശമനമുണ്ടായില്ല. മഴയും വെയിലുമേറ്റാണ് പുറത്ത് തളച്ചിട്ടിരിക്കുന്ന നീലകണ്ഠന്‍ ആനയുടെ രോഗം ഭേദമാവാത്തതെന്ന ധാരണയില്‍ അജിത്കുമാര്‍ ബി പിള്ള തന്നെ പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് ആനക്കൊട്ടില്‍ പണിത് ആനയെ ഇവിടെ തളച്ചങ്കിലും ആനയുടെ അവസ്ഥയ്ക്ക് മാത്രം മാറ്റമൊന്നുമുണ്ടായില്ല.
ദേവസ്വം ബോര്‍ഡ് അടക്കം ആനയെ കൈയൊഴിഞ്ഞു. ഇതോടെ ഭക്തജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും ഒടുവില്‍ ദേവസ്വം ബോര്‍ഡ് ആനയെ ആങ്ങാംമൂഴി ആന ചികില്‍സാലയത്തില്‍ എത്തിച്ച് ആയുര്‍വേദ ചികില്‍സ നല്‍കി. എന്നാല്‍ രോഗത്തിന് ശമനമുണ്ടായില്ല.
ഒടുവില്‍ ശാസ്താംകോട്ട സ്വദേശികളായ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ആനയ്ക്ക് വിദഗ്ധ ചികില്‍സ ഉറപ്പ് വരുത്താന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് വനംവകുപ്പ്-മണ്ണുത്തി വെറ്റിനറി കോളജ് എന്നിവിടങ്ങിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആനയെ വിശദമായി പരിശോധിച്ചു. കുട്ടിക്കാലത്ത് ചട്ടം പഠിപ്പിച്ചപ്പോള്‍ ഏറ്റ മര്‍ദ്ദനമാണ് കാലിന്റെ അവസ്ഥയ്ക്ക് കാരണമെന്നും ഭക്ഷണ ക്രമത്തില്‍ അടക്കം മാറ്റം വരുത്തണമെന്നും ആനയെ ദിവസവും നടത്തിക്കണമെന്നും കെട്ടിയിടാതെ സ്വതന്ത്രമായി വിഹരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണ ക്രമങ്ങളില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ ആനയെ നടത്തിക്കാനോ സ്വതന്ത്രമായി വിഹരിക്കാനോ വേണ്ട നടപടിയൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല ആനയെ ആനകൊട്ടിലില്‍ തളച്ചിടുകയുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായുള്ള ആനപിണ്ഡവും ഭക്ഷണ അവശിഷ്ടങ്ങളും മറ്റും ചുറ്റുപാടും കുമിഞ്ഞുകൂടി കിടക്കുകയാണ്. ഇത് രോഗാതുരനായ ആനയുടെ അവസ്ഥ ഏറെ ഗുരുതമാക്കി.
Next Story

RELATED STORIES

Share it