Idukki local

ചികില്‍സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ പ്രതിഷേധം

വണ്ടിപ്പെരിയാര്‍:  രോഗിയുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടറുമില്ല, പ്രാഥമിക ചികില്‍സ നല്‍കാന്‍  ആശുപത്രി ജീവനക്കാരുമില്ല. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗി മരണത്തിനു കീഴടങ്ങിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഇഞ്ചിക്കാട് ആറ്റോരം സ്വദേശിയെ പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
കൂടുതല്‍ അവശനായ രോഗിയെ പ്രാഥമിക ചികില്‍സ നല്‍കാന്‍ പോലും ആശുപത്രിയില്‍ ജീവനക്കാര്‍ ഇല്ലാതിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. സമീപത്തെ ഡോക്‌റുടെ ക്വാര്‍ട്ടേഴ്‌സിലും വാളാര്‍ഡിയിലെ മറ്റൊരു ഡോക്ടറുടെ വീട്ടിലും ബന്ധുക്കള്‍ രോഗിയുമായി എത്തിയെങ്കിലും ഡോക്ടര്‍മാരുടെ സേവനം ലഭിച്ചില്ല. രോഗിയെ പരിശോധിക്കാന്‍ ഡോക്ടറില്ലാത്തതിനെ തുടര്‍ന്നു പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ടുപോകും വഴി രോഗി മരിക്കുകയായിരുന്നു.  ഇതോടെ രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കണമെന്നാവശ്യപ്പെട്ടു വിവിധ കോണുകളില്‍ നിന്നും അവശ്യം ശക്തതമാവുകയാണ്.
സമാനമായ സാഹചര്യത്തില്‍ മാസങ്ങള്‍ക്ക് മുന്‍പും ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവും പീരുമേട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടു പോകും വഴി മരിച്ചിരുന്നു. പെരിയാര്‍ മേഖലയില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളുടേയും സാധാരണക്കാരുടെയും പ്രാഥമിക  ചികത്സയ്ക്കായുള്ള ഏക ആശ്രയ കേന്ദ്രമാണ് വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സാമൂഹിക ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയെങ്കിലും  പഴയ സ്റ്റാഫ് പാറ്റേണ്‍ ഇതുവരെ മാറ്റിയിട്ടില്ല. ഏഴ് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് നാല് പേരെ മാത്രമാണ് നിയമിച്ചിരിക്കുന്നത്.
ഇവരില്‍ രണ്ടു പേര്‍ കോ ണ്‍ഫറന്‍സ്, ക്യാമ്പ് ആവശ്യങ്ങള്‍ക്കായി  പുറത്തേക്ക്  പോവുമ്പോള്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ആശുപത്രിയിലെ കിടപ്പ് രോഗികളുടെ എണ്ണം 28 മാത്രമാണ് . സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സ്റ്റാഫ് പാറ്റേണ്‍ 7 ഡോക്ടര്‍മാരും ,14 സ്റ്റാഫ് നേഴ്‌സുമാരാണ് വേണ്ടതെങ്കിലും ജീവനക്കാരുടെ എണ്ണത്തിലും കുറവാണ്.
ദിനവും അഞ്ഞൂറോളം പേരാണ് ഒ പി ടിക്കറ്റില്‍ ചികില്‍സ തേടിയെത്തുന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം ബ്ലോക്ക് പണികള്‍ പൂര്‍ത്തിയായിട്ടും നാളിതുവരെ ജനങ്ങള്‍ക്ക് തുറന്ന് നല്‍കിയിട്ടില്ല. സ്ത്രീ ,പുരുഷ, വാര്‍ഡുകളിലായി രോഗികളെ കിടത്തി ചികില്‍സ ഉണ്ടെങ്കിലും മാസങ്ങളായി സ്ത്രീ വാര്‍ഡില്‍ കിടപ്പു രോഗികളെ കിടത്തുന്നില്ല. കൊട്ടരക്കര  ദിണ്ഡുക്കല്‍ ദേശിയ പാതയോട് ചേര്‍ന്നാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
നിരവധി റോഡ് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ രാത്രി സമയം കിലോ മീറ്റര്‍ അകലെ പീരുമേട് താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it