thrissur local

ചാവക്കാട് ബീച്ച് മല്‍സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം 24ന്

ചാവക്കാട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ചാവക്കാട് ബീച്ച് മല്‍സ്യമാര്‍ക്കറ്റ് നഗരസഭ തുറന്നുകൊടുക്കാനൊരുങ്ങുന്നു. ഈ മാസം 24ന് വൈകീട്ട് നാലിന് മന്ത്രി കെ ടി ജലീല്‍ മല്‍സ്യമാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
തീരദേശത്ത് മല്‍സ്യ മൊത്തവിതരണ കച്ചവടം നടക്കുന്ന പ്രധാന കേന്ദ്രമായ ബീച്ച് മല്‍സ്യമാര്‍ക്കറ്റ് കാലങ്ങളായി ബീച്ചിലെ റോഡിലാണ് പ്രവര്‍ത്തിക്കുന്നത്. പുലര്‍ച്ചെ മൂന്നിന് ആരംഭിക്കുന്ന മാര്‍ക്കറ്റില്‍ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള വാഹനങ്ങളെത്തും. ലേല നടപടികളും മറ്റും നടക്കുന്നത് മിക്കവാറും റോഡില്‍ തന്നെയാണ്. രാവിലെ ഏഴുവരെ മാര്‍ക്കറ്റ് സജീവമാവും. ഇത് ഗതാഗതതടസ്സത്തിനും മാലിന്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നത് നഗരസഭയ്ക്കും നാട്ടുകാര്‍ക്കും വലിയ തലവേദനയായിരുന്നു.
ഇതിനെത്തുടര്‍ന്നാണ് നഗരസഭ ബീച്ചിനോട് ചേര്‍ന്നുതന്നെ അരയേക്കറോളം സ്ഥലം വാങ്ങി കോടികള്‍ ചെലവഴിച്ച് മല്‍സ്യമാര്‍ക്കറ്റിന്റെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ ഈ സ്ഥലത്ത് മല്‍സ്യമാര്‍ക്കറ്റ് തുടങ്ങുന്നതിനെതിരേ കേസുകള്‍ വന്നതിനാല്‍ ഉദ്ഘാടനം വൈകുകയായിരുന്നു.
മല്‍സ്യമാര്‍ക്കറ്റിനുവേണ്ടി നിയമപോരാട്ടം നഗരസഭ ഇപ്പോഴും തുടരുകയാണെങ്കിലും ഉദ്ഘാടനം നടത്തി മല്‍സ്യവ്യാപാരികള്‍ക്ക് തുറന്നുകൊടുക്കാനാണ് നഗരസഭയുടെ ശ്രമം. മല്‍സ്യമാര്‍ക്കറ്റ് തുറന്നുകൊടുക്കുന്നതോടെ റോഡില്‍ നിന്ന് മാറി സ്വന്തമായ സ്ഥലത്ത് ഇനി മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും.
മാലിന്യം പുറത്തുപോകാത്തവിധം മാര്‍ക്കറ്റിനുള്ളില്‍ത്തന്നെ സംസ്‌കരിക്കാനാവുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ പറഞ്ഞു. ഒരേസമയം ഒന്നിലേറെ ലോറികള്‍ക്ക് കടക്കാവുന്നവിധം മാര്‍ക്കറ്റിന്റെ പ്രവേശനകവാടം വലുതാക്കാന്‍ റോഡുവക്കിലെ മതില്‍ പൊളിച്ചുനീക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. മാര്‍ക്കറ്റിന്റെ മറ്റെല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി ചെയര്‍മാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it