thrissur local

ചാവക്കാടിനെ ലഹരിമുക്തമാക്കാന്‍ ജനങ്ങളും അധികൃതരും



ചാവക്കാട്: ലഹരിമുക്ത നാടായി ചാവക്കാടിനെ മാറ്റാന്‍ നഗരസഭയും  പോലിസും എക്‌സൈും ജനങ്ങളും ഒന്നിച്ച് കര്‍മരംഗത്തേക്ക്. മേഖലയിലെ സ്‌ക്കൂളുകള്‍, മെഡിക്കല്‍ഷോപ്പുകള്‍, ബസ് ജീവനക്കാര്‍, പാരലല്‍ കോളജ് , കുട്ടികള്‍ കൂടുതലുള്ള ട്യൂഷന്‍സെന്ററുകള്‍ തുടങ്ങിയ വിഭാഗങ്ങളും ലഹരി മുക്ത ചാവക്കാടിന് (വിമുക്തി) പിന്തുണ നല്‍കും. ചാവക്കാട് നഗരസഭ കോ ണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിപുലമായ യോഗം കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി. നഗരസഭയില്‍ വാര്‍ഡുകള്‍ തോറും എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തി ജാഗ്രതസമിതികളുണ്ടാക്കും. കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകര്‍ നേതൃ ത്വം നല്‍കും സ്‌കൂളുകളില്‍ പിടിഎ കമ്മിറ്റികളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കമ്മിറ്റികളുണ്ടാകും. ഓരോ വിഭാഗത്തില്‍പ്പെട്ടര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും. ലഹരിഉല്‍പന്നങ്ങള്‍ ഉറവിടത്തില്‍ തടയുന്നതിന് പോലിസും എക്‌സൈസും പരിശോധന കര്‍ശനമാക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്ന സ്ഥലങ്ങള്‍, സ്‌കൂള്‍ പരിസരങ്ങള്‍, ബസ്സ്റ്റാന്റ്, പണിത്തീരാതെ കിടക്കുന്ന വീടുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കും. പ്രൈമറി സ്‌കൂളുകളെ കൂടി ബോധവല്‍ക്കരണപരിപാടികളില്‍ പങ്കാളികളാക്കും. ലഹരിവസ്തുക്കളുമായി പിടിയിലാവുന്നവര്‍ക്ക് പരമാവധി ശിക്ഷലഭിക്കാവുന്ന നിയമനടപടി സ്വീകരിക്കും. ലഹരിമരുന്നു കേസുകളില്‍ കുടുങ്ങുന്നവര്‍ ലളിതമായി പുറത്തിറങ്ങി വീണ്ടും ലഹരി ഇടപാടുകള്‍ നടത്തുന്ന അവസ്ഥ ഇല്ലാതാക്കും. വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും പൊതുസ്ഥാപനങ്ങളിലും ലഹരിവിരുദ്ധ സന്ദേശങ്ങളുള്ള സ്റ്റിക്കറുകള്‍ വ്യാപകമായി പതിക്കും. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ യോഗം ഉദ്ഘാടനം ചെയ്തു. ചാവക്കാട് സിഐ കെ ജി സുരേഷ് അധ്യക്ഷത വഹിച്ചു. ചാവക്കാട് അഡീഷനല്‍ എസ്‌ഐ കെ വി വനില്‍കുമാര്‍, മണത്തല ഗവ. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി പി മറിയകുട്ടി, പ്രധാന അധ്യാപകന്‍ കെ വി അനില്‍ കുമാര്‍, പാലയൂര്‍ സെന്റ് തോമസ് എല്‍പി സ്‌ക്കൂള്‍ പ്രധാന അധ്യാപകന്‍ കെ പി പോളി, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ സി ആനന്ദന്‍ , എം ബി രാജലക്ഷ്മി, എ എച്ച് അക്ബര്‍, കെ കെ കാര്‍ത്ത്യായനി കൗണ്‍സിലര്‍മാരായ ടി എ ഹാരീസ്, കെ എസ് ബാബുരാജ് , സിഡിഎസ് ചെയര്‍മാന്‍ പ്രസന്ന രണദിവെ, അങ്കണവാടി അധ്യാപിക രാധ, പൊതുപ്രവര്‍ത്തകരായ പി കെ സെയ്താലികുട്ടി, ലാസര്‍ പേരകം സം സാരിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പി എല്‍ ജോസ് ക്ലാസെടുത്തു.
Next Story

RELATED STORIES

Share it