malappuram local

ചാലിയാറില്‍ വ്യാപകമായിമണല്‍ക്കടത്ത്

അരീക്കോട്: ചാലിയാറിലെ വിവിധ കടവുകളില്‍നിന്ന് വ്യാപകമായി മണല്‍ക്കടത്തല്‍ തുടരുന്നു. നൂറിലേറെ കടവുകളില്‍നിന്നു മണല്‍ ശേഖരിച്ച് രാത്രിയില്‍ വാഹനങ്ങളില്‍ കടത്തുന്നതു കൊണ്ട് പോലിസിന് പിടിക്കാന്‍ കഴിയുന്നില്ല. ഇന്നലെ അരീക്കോട് പോലിസ് ഏതാനും കടവുകളില്‍ കിടങ്ങ് തീര്‍ത്ത് തടസം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പോലിസ് തിരിച്ചുപോവുന്നതോടെ മണല്‍ മാഫിയ സംഘം ലോറിക്ക് പ്രവേശിക്കാന്‍ പാകത്തില്‍ വഴിയൊരുക്കുകയാണ്. പോലിസ് പരിശോധന അറിയിക്കാന്‍ മണല്‍ സംഘത്തിന് മൊബൈല്‍ നെറ്റ് വര്‍ക്ക് ടീം പ്രവര്‍ത്തിക്കുന്നുണ്ട്. യുവാക്കളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ലഹരി സംഘത്തില്‍പ്പെട്ടവരാണ് ഇവരെ നിയന്ത്രിക്കുന്നത്. ദിനംപ്രതി നൂറിലേറെ വാഹനങ്ങളില്‍ രാത്രി മുതല്‍ പുലരുന്നതുവരെ മണല്‍ കൊള്ള തുടര്‍ന്നുകൊണ്ടിരിക്കയാണ്. ചെറുതും വലുതുമായ വാഹനങ്ങളില്‍ മണല്‍ക്കടത്ത് വ്യാപകമായി തുടരുമ്പോഴും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല. അരീക്കോട് എസ്‌ഐ അവധിയില്‍ പ്രവേശിച്ചതുകൊണ്ട് മണല്‍ സംഘത്തിനെതിരേ നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്ന് ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരം. രണ്ടു ദിവസം മുന്‍പ് ഏതാനും വാഹനങ്ങള്‍ പോലിസ് പിടികൂടിയെങ്കിലും മണല്‍ മാഫിയക്കെതിരേ വ്യാപകമായി നടപടി സ്വീകരിക്കാന്‍ റവന്യുവകുപ്പ് അടക്കമുള്ളവരുടെ സാഹായമുണ്ടായാല്‍ മാത്രമേ കഴിയുകയുള്ളൂവെന്ന് പോലിസ് ഉദ്യോഗസ്ഥരും പറയുന്നു. അരീക്കോടിന്റെയും കിഴുപറമ്പിന്റെ വിവിധ ഭാഗങ്ങളിലും പന്നിപ്പാറ പൊട്ടിയടക്കമുള്ള കടവുകളില്‍ നിന്നുമാണ് മണല്‍ക്കടത്ത് വ്യാപകം. പ്രളയത്തിനുശേഷം വന്‍ മണല്‍ശേഖരമാണ് ചാലിയാറില്‍ എത്തിയത്. ചാലിയാറിന്റെ തീരങ്ങളില്‍ ചിലയിടങ്ങളില്‍ മണല്‍പരപ്പ് തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇത് മുതലെടുത്താണ് വീണ്ടും അനധികൃത മണല്‍കടത്ത് സജീവമായിരിക്കുന്നത്. നിലവില്‍ ജില്ലാ പോലിസ് ഓഫിസറുടെ കീഴില്‍ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ സജീവമല്ലാത്തതുകൊണ്ടാണ് പരസ്യമായി മണല്‍ കടത്തുന്നത്. അരീക്കോട്, വാഴക്കാട്, എടവണ്ണ സ്‌റ്റേഷന്‍ പരിധിയില്‍ മണല്‍കടത്ത് കണ്ടെത്താന്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനമുണ്ടായിട്ടും വേണ്ട രീതിയില്‍ ചാലിയാറില്‍ പരിശോധന നടത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ചാലിയാറില്‍നിന്ന് വീണ്ടും മണല്‍വാരല്‍ തുടര്‍ന്നാല്‍ വേനല്‍ രൂക്ഷമാവുന്നതോടെ മലിനമാവാന്‍ സാധ്യതയുണ്ടെന്നും ചാലിയാറിനെ ആശ്രയിച്ച് കുടിവെള്ളം ഉപയോഗിക്കുന്നവര്‍ക്ക് വേനലില്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it