Flash News

ചാലിയാറിലെ വെള്ളം ജീവന് ഭീഷണി

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിരവധി കുടിവെള്ളപദ്ധതികള്‍ക്കായി ആശ്രയിക്കുന്ന ചാലിയാറിലെ വെള്ളം മനുഷ്യന് ഉപയോഗയോഗ്യമല്ലെന്ന് റിപോര്‍ട്ട്്. മനുഷ്യാരോഗ്യത്തിനും മല്‍സ്യസമ്പത്തിനുമടക്കം ഭീഷണി ഉയര്‍ത്തി ബ്ലൂ ഗ്രീന്‍ ആല്‍ഗ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് സിഡബ്ല്യൂആര്‍ഡിഎം ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയിലാണ് ചാലിയാറിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്നു കണ്ടെത്തിയത്. ചാലിയാറിലെ വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കരുതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കി. പുഴയില്‍ കുളിച്ചാല്‍ ചൊറിച്ചില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
അരീക്കോട് ഭാഗത്താണ് കഴിഞ്ഞ ദിവസം വ്യാപകമായി പുഴയില്‍ പച്ച നിറത്തിലുള്ള പൂപ്പലും ഓയിലും കലര്‍ന്ന പോലുള്ള കട്ടിയുള്ള ദ്രാവകം കാണപ്പെട്ടത്. വെള്ളത്തിന് മുകളിലായാണ് ഈ പാട കണ്ടെത്തിയത്. ടൗണിനോട് ചേര്‍ന്ന ഭാഗത്തെ വൈഎംബി കടവിലാണ് നാലുദിവസം മുമ്പ് പച്ചനിറം ആദ്യം കണ്ടത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ പുഴയില്‍ ഇതു വ്യാപകമായി. ഇതോടെ നാട്ടുകാര്‍ വലിയ ആശങ്കയിലായി. വെള്ളത്തില്‍ നൈട്രേറ്റും ഫോസ്‌ഫേറ്റും വര്‍ധിക്കുമ്പോഴുണ്ടാവുന്ന ഈ പ്രതിഭാസം കൂടുതലായാല്‍ ജലത്തില്‍ ഓക്‌സിജന്റെ അളവു കുറയുകയും അത് മൂലം മല്‍സ്യങ്ങള്‍ ചാവുന്നതിനു  കാരണമാവുകയും ചെയ്യും.
സംസ്ഥാനത്തു  തന്നെ വലിയരീതിയില്‍ മല്‍സ്യസമ്പത്തുള്ള പുഴയാണ് ചാലിയാര്‍. എന്‍സിഡിസി അധികൃതരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഈ വെള്ളത്തില്‍ കുളിച്ചവരില്‍ ചൊറിച്ചിലിന് പുറമേ ശരീരത്തില്‍ എണ്ണമയവും വ്യാപകമായി കാണുന്നുണ്ട്.
അതേസമയം, അരീക്കോട് ബസ്സ്റ്റാന്റിലെ കംഫര്‍ട്ട് സ്‌റ്റേഷനില്‍ നിന്നുള്ള മാലിന്യം ഓവുചാല്‍ വഴി പുഴയിലേക്ക് ഒഴുക്കുന്നതായും അരീക്കോട് ടൗണിലെ ചില കച്ചവടക്കാര്‍ പുഴയില്‍ മാലിന്യം തള്ളുന്നതായും നേരത്തേ തന്നെ പരാതിയുണ്ട്. ഇത്തരത്തിലുള്ള മാലിന്യമാണോ ചാലിയാറിനെ നശിപ്പിക്കുന്നതെന്നും പരിശോധിച്ചുവരുകയാണ്. കേരളത്തിലെ നാലാമത്തെ വലിയ നദിയായ ചാലിയാര്‍ ഉപയോഗശൂന്യമാവും വിധത്തില്‍ മലിനപ്പെടുന്നത് പരിസ്ഥിതി സ്‌നേഹികളിലും ആശങ്ക ജനിപ്പിച്ചിരിക്കയാണ്. നേരത്തേ ചാലിയാറിന്റെ തീരത്ത് പ്രവര്‍ത്തിച്ചിരുന്ന ഗ്രാസിം കമ്പനിയില്‍ നിന്നുള്ള മലിനീകരണത്തിനെതിരേ 30 വര്‍ഷത്തോളം നീണ്ട സമരം നടത്തിയാണ് പരിസരവാസികളും പരിസ്ഥിതിപ്രവര്‍ത്തകരും പുഴയെ മാലിന്യമുക്തമാക്കിയത്.
Next Story

RELATED STORIES

Share it