thrissur local

ചാലക്കുടി മാര്‍ക്കറ്റിലെ അറവുശാലാ മാലിന്യങ്ങള്‍ പുറത്തേക്കൊഴുകി

ചാലക്കുടി: ചാലക്കുടി മാര്‍ക്കറ്റിലെ അറവുശാലയിലെ ബയോഗ്യാസ് പ്ലാന്റില്‍ നിന്നും മാലിന്യം വീടുകളിലേക്കും ജലശ്രോതസ്സുകളിലേക്കും ഒഴുകുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ അറവുശാല ഉപരോധിച്ചു. വൃദ്ധരും, സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് വാര്‍ഡ് കൗണ്‍സിലര്‍ സീമ ജോജു, സിപിഎം നേതാവ് സി കെ വിന്‍സെന്റ് എന്നിവരുടെ നേതൃത്വത്തില്‍ അറവുശാലക്കരികിലെത്തിയത്.
മണിക്കൂറുകളോളം പ്രതിഷേധവുമായി അറവുശാലക്ക് മുന്നില്‍ തടിച്ചുകൂടിയ പ്രദേശവാസികള്‍ രണ്ടാഴ്ചക്കുള്ളില്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന നഗരസഭ അധികൃതരുടെ ഉറപ്പിന്‍മേല്‍ പിന്നീട് പിരിഞ്ഞ് പോവുകയായിരുന്നു.
രാവിലെ ഒമ്പതോടെയായാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയത്.   മാസങ്ങളായി നഗരസഭ അറവുശാലയുടെ പ്രവര്‍ത്തനം അവതാളത്തിലായിട്ട്. അറവുശാലയില്‍ അറ്റകുറ്റ പണികള്‍ നടത്താത്തിനെ തുടര്‍ന്ന് പ്രദേശത്ത് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയിരിക്കുകയാണ്.  മൂക്ക് പൊത്താതെ മാര്‍ക്കറ്റിനകത്തേക്ക് കടക്കാനാകാത്ത അവസ്ഥയാണിപ്പോള്‍. അറവുശാലയില്‍ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി സ്ഥാപിച്ചിരുന്ന മൂന്ന് ബയോഗ്യാസ് പ്ലാന്റുകളില്‍ രണ്ടെണ്ണം പ്രവര്‍ത്തിക്കുന്നില്ല. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റില്‍ അറ്റകുറ്റ പണികള്‍ നടത്താത്തതിനാല്‍ കാര്യക്ഷമവുമല്ല. ഇതിലെ  മാലിന്യങ്ങള്‍ ടാങ്കില്‍ നിന്നും പുറത്തേക്കാണ് ഒഴുകുന്നത്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ മാലിന്യങ്ങള്‍ ഒഴുകി പോകുന്നുണ്ട്.
ഈ മാലിന്യങ്ങള്‍ സമീപത്തെ വീടുകളിലേക്കും കിണറുകളിലേക്കും ഒഴുകിയെത്തുന്നതായും പ്രദേശവാസികള്‍ പരാതിപ്പെട്ടു. ഇതില്‍ നിന്നുള്ള ദുര്‍ഗന്ധത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ക്കും ദുരിതത്തിലായിരിക്കുകയാണ്.
രണ്ട് മാസത്തോളമായി ഇവിടത്തെ രണ്ട് പ്ലാന്റുകള്‍ തകരാറിലായിട്ട്. ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചിട്ടും നടപടിയെക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. നാലര ലക്ഷം രൂപ ചിലവില്‍ പുതിയ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച ഫയല്‍ ചെയര്‍പേഴ്‌സണ്‍ നഗരസഭ ആരോഗ്യവിഭാഗത്തിന് നല്കിയിട്ടുണ്ടെന്നും എന്നാല്‍ ആരോഗ്യവിഭാഗം ഈ ഫയല്‍ പൂഴ്ത്തിവച്ചിരിക്കുകയാണെന്നും ഭരണപക്ഷ അംഗവും വാര്‍ഡ് കൗണ്‍സിലറുമായ സീമ ജോജോ പറഞ്ഞു. ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ പ്രദേശവാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്കുമെന്നും ഇവര്‍ അറിയിച്ചു.
രണ്ട് പ്ലാന്റുകള്‍ തകരാറിലായതിനെ തുടര്‍ന്ന് മല്‍സ്യ-മാംസ അവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും കാനയിലേക്കാണ് തള്ളിവിടുന്നത്. ഇവ പള്ളിതോടിലേക്കാണ് ചെന്നെത്തുന്നത്. ബയോഗ്യാസ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ മാര്‍ക്കറ്റിലെ മല്‍സ്യ-മാംസ അവശിഷ്ടങ്ങള്‍ അറവുശാല കോമ്പൗണ്ടില്‍ കുഴിയെടുത്ത് അതിലും നിക്ഷേപിക്കുന്നുണ്ട്. കുഴി മൂടാത്തതിനാല്‍ അവശിഷ്ടങ്ങള്‍ തെരുവ് നായകള്‍ വലിച്ചിഴച്ച് പുറത്തേക്കിടുകയാണ്.
അതിനിടെ ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാത്തില്‍ പ്രതിഷേധിച്ച് തിങ്കഴാഴ്ച മത്സ്യ-മാംസ വ്യാപാരികള്‍ സ്റ്റാളുകള്‍ അടച്ചിടുമെന്നും പ്രദേശവാസികളുടെ സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മൂത്തേടന്‍ അറിയിച്ചു.  സമരം ശക്തമായതോടെ നഗരസഭ വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, ഭരണപക്ഷ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി എം ശ്രീധരന്‍, കൗണ്‍സിലര്‍മാരായ വി ജെ ജോജി, വി ജെ ജോജു എന്നിവരും സ്ഥലത്തെത്തി.
രണ്ടാഴ്ച്ചക്കുള്ളില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്ത് പ്രവര്‍ത്തന സജ്ജമാക്കുമെന്ന് വൈസ് ചെയര്‍മാന്‍ ഉറപ്പ് നല്‍കി. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരക്കാര്‍ പിരിഞ്ഞു പോയി. ഈ സാഹചര്യത്തില്‍ മല്‍സ്യ-മാംസ വ്യാപാരികളുടെ കടയടപ്പ് സമരം താത്കാലികമായി മാറ്റി വച്ചതായും അസോസിയേഷന്‍ പ്രസിഡന്റ് അറിയിച്ചു.
Next Story

RELATED STORIES

Share it