ചാരക്കേസ് എങ്ങനെയുണ്ടായെന്ന് പറയേണ്ടത് സിബി മാത്യൂസ്: നമ്പി നാരായണന്‍

തിരുവനന്തപുരം: വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസ് എങ്ങനെയുണ്ടായി എന്ന് പറയേണ്ടത് പ്രത്യേക അന്വേഷണസംഘം തലവനായിരുന്ന സിബി മാത്യൂസ് ആണെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. അദ്ദേഹം അത് ഇതുവരെ പറഞ്ഞിട്ടില്ല. എന്തിനുവേണ്ടിയായിരുന്നു ചാരക്കേസ് എന്ന് സുപ്രിംകോടതി നിയോഗിച്ച കമ്മിറ്റി കണ്ടെത്തുമെന്നാണ് പ്രതീക്ഷ. കേസരി ജേണലിസ്റ്റ് യൂനിയന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുടെ വിവരക്കേടാണ് കേസ് ഇങ്ങനെയാക്കിത്തീര്‍ത്തത്. മറ്റാരോ അവരെ തെറ്റായി നയിക്കുകയായിരുന്നു. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് അന്നും പിന്നീടും ഇന്നും പോലിസിനും ഐബിക്കുമെല്ലാം അറിയാം. അതുകൊണ്ട് മാത്രമാണ് പ്രത്യേക അന്വേഷണ തലവനായിരുന്ന സിബി മാത്യൂസ് തന്നെ കാണണമെന്ന് പലതവണ ആവശ്യപ്പെട്ടത്. സൂര്യ കൃഷ്ണമൂര്‍ത്തി വഴിയാണ് തന്നെ കാണാന്‍ ശ്രമിച്ചത്. ആദ്യം കുറ്റവാളിയാക്കേണ്ടയാളെ കണ്ടെത്തുക. അതുകഴിഞ്ഞ് കുറ്റമുണ്ടാക്കുക. പിന്നെ അതിനെല്ലാം കൃത്രിമമായി തെളിവുകളുണ്ടാക്കുക. ഇതാണ് സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള സംഘം ചെയ്തത്. തന്നെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച ഐബി ഉദ്യോഗസ്ഥരെ അടിക്കാന്‍ ഒരു ജോടി ചെരിപ്പെടുത്ത് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. അന്ന് അവര്‍ പറഞ്ഞത് തെറ്റൊന്നും ചെയ്തിട്ടില്ലെന്നറിഞ്ഞാല്‍ അന്ന് ഞങ്ങള്‍ വീട്ടില്‍ വരാം. ചെരിപ്പെടുത്ത് മുഖത്തടിച്ചോളൂ എന്നാണ്. ഇന്ന് താന്‍ കുറ്റവിമുക്തനായി. ഒരു ഐബിക്കാരും എത്തിയില്ല. തന്നെ പീഡിപ്പിച്ച ഐബിയിലെ 11 പേരുടെയും പേരുകള്‍ അറിയാം. സിവില്‍ കേസില്‍ ഇവരെയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക റോക്കറ്റ് സാങ്കേതിക വിദ്യയായ ക്രയോജനിക് സംവിധാനം ഇന്ത്യക്ക് നല്‍കാന്‍ റഷ്യ തയ്യാറായിരുന്നു. അതിനുള്ള കരാര്‍ ഒപ്പുവച്ചത് അന്ന് അതിന്റെ ഡയറക്ടറായിരുന്ന താനാണ്. എന്നാല്‍ പിന്നീട് കരാറില്‍ നിന്ന് റഷ്യ പിന്‍മാറി. കരാര്‍ നടപ്പാക്കുന്നതിനെതിരേ അമേരിക്കയുടെ സമ്മര്‍ദം ഉണ്ടാ—യെന്ന് സംശയിക്കുന്നു. ക്രയോജനിക് വിദ്യ എങ്ങനെയും സംഘടിപ്പിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരും നിശ്ചയിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു മകനെ രക്ഷിക്കാന്‍ കേസില്‍ ഇടപെട്ടുവെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ശേഷമാണ് സിബി മാത്യൂസിന്റെ നേതൃത്വത്തി ല്‍ ചാരക്കേസ് കെട്ടിച്ചമച്ചത്. ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമാക്കുന്നതിനെതിരേ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായെന്ന് സംശയിക്കുന്നതായും നമ്പി നാരായണന്‍ പറഞ്ഞു.
കെ കരുണാകരന്‍ നീതികിട്ടാതെയാണ് മരിച്ചതെന്ന് നമ്പി നാരായണന്‍ പറഞ്ഞു. ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളും ഉണ്ടെന്ന് സംശയിക്കുന്നു. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ താഴെയിറക്കണമെന്ന ലക്ഷ്യമുള്ളവരോ ആഗ്രഹമുള്ളവരോ ആയിരിക്കാം ചാരക്കേസിന് പിന്നില്‍. കേസില്‍ നഷ്ടപരിഹാരമല്ല പ്രശ്‌നം. ചാരനെന്ന വിളിപ്പേര് മാറണമെന്നതായിരുന്നു തന്റെ ലക്ഷ്യം. ഐഎസ്ആര്‍ഒയില്‍ നേരത്തെ വിആര്‍എസിന് അപേക്ഷിച്ചതും ചാരക്കേസുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. കസ്തൂരിരംഗനെ തഴഞ്ഞ് ചെയര്‍മാന്‍ സ്ഥാനം ജൂനിയര്‍ ഓഫിസര്‍ക്ക് നല്‍കിയതോടെ തന്റെ സ്ഥാനവും അനിശ്ചിതത്വത്തിലായി. ഇതിന് പരിഹാരം തേടി മാസങ്ങളോളം ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇത്തരമൊരുഘട്ടത്തില്‍ മനംമടുത്താണ് വിആര്‍എസിന് അപേക്ഷ നല്‍കിയത്. എന്നാല്‍ പിന്നീട് ചാരക്കേസില്‍ അകപ്പെട്ടതോടെ തന്റെ അപേക്ഷയും കേസിനോട് ബന്ധപ്പെടുത്തുകയായിരുന്നു- അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it