Kollam Local

ചാത്തന്നൂര്‍ പഞ്ചായത്തില്‍ വികസന പദ്ധതികളില്‍ മുരടിപ്പ്

ചാത്തന്നൂര്‍: ഒരു കാലത്ത് പ്രതാപത്തോടെ കഴിഞ്ഞിരുന്ന ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ചാത്തന്നൂര്‍ പഞ്ചായത്തിലെ വികസന പദ്ധതികള്‍ക്കെല്ലാം അയിത്തം കല്‍പ്പിച്ച് അധികൃതര്‍. എ ക്ലാസ് പഞ്ചായത്തിനാണ് ഈ ദുര്‍ഗതി. ചാത്തന്നൂരിനായി എന്ത് വികസനം കൊണ്ടു വന്നാലും അത് പാതിവഴിയില്‍ ഇടുന്ന അവസ്ഥയാണ് നിലവില്‍. ഏറെ പ്രതീക്ഷയോടെ ചാത്തന്നൂരില്‍ ആരംഭിക്കാനായി തറക്കല്ലിട്ട കണ്‍സ്ട്രക്ഷന്‍ അക്കാദമിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നിലപാടില്‍ നിലച്ചപ്പോള്‍ മുരടിച്ചത് ചാത്തന്നൂരിന്റെ വികസന മോഹങ്ങങ്ങളാണ്. മികവാര്‍ന്ന സാങ്കേതിക വിദ്യയില്‍ സെമി സ്‌കില്‍ഡ് ലേബേഴ്‌സിനെ വാര്‍ത്തെടുക്കുകയായിരുന്നു അക്കാദമിയുടെ ലക്ഷ്യം. അക്കാദമിക്കായി കാരംകോട് സ്പിന്നിങ് മില്ലില്‍ കോംപൗണ്ടില്‍ നിന്നും വാങ്ങിയ 10 ഏക്കര്‍ ഭൂമി കാടുകയറി നശിക്കുകയാണ്. കേരള ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ കീഴില്‍ ഹൈദരാബാദിലെ കണ്‍സ്ട്രക്ഷന്‍ അക്കാദമി മാതൃകയില്‍ 2009ലാണ് ഈ സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചത്. 2010 ഏപ്രില്‍ മാസത്തില്‍ വ്യവസായ വകുപ്പ് ചാത്തന്നൂരില്‍ വസ്തുവാങ്ങി. തുടര്‍ന്ന് ഇതിനായി ആദ്യ ഫണ്ടും അനുവദിച്ചു. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ചാത്തന്നൂര്‍ എംഎല്‍എ ആയിരുന്ന എന്‍ അനിരുദ്ധന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ 2011 മാര്‍ച്ചില്‍ അന്നത്തെ തുറമുഖ മന്ത്രി പി കെ ഗുരുദാസന്‍ അക്കാദമിക്ക് തറക്കല്ലും ഇട്ടു. പക്ഷെ സര്‍ക്കാര്‍ മാറിയപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ചാത്തന്നൂരില്‍ നിന്നും അക്കാദമി തന്നെ സര്‍ക്കാര്‍ പ്രോജക്ടില്‍ നിന്നും ഇല്ലാതായി. പകരം കേരള സര്‍വകലാശാലയുടെ കീഴില്‍ അന്താരാഷ്ട്രാ നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരള എന്ന പേരില്‍ സ്ഥാപനം ആരംഭിക്കാനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ പ്രവര്‍ത്തനവും എങ്ങും എത്തിയില്ല. മുക്കാല്‍ കോടിയോളം രൂപ ചെലവിഴച്ച് നിര്‍മിച്ച ചാത്തന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് വക പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വര്‍ഷം പലതു കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല. വഞ്ചിക്ലേ മൈന്‍സില്‍ മിനി സിവില്‍ സ്‌റ്റേഷന് സമീപത്ത് കാടുപിടിച്ച് തെരുവ് നായ്ക്കളുടെ താവളമായി മാറിയിരിക്കുകയാണ് ഇത്. ഇവിടെ ബസ് വന്നു പോകുന്നതിന് വേണ്ട സംവിധാനം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഇതുവരെ അധികൃതര്‍ മുന്നോട്ട് വന്നിട്ടില്ലെന്നാണ് ആക്ഷേപം. ലക്ഷങ്ങള്‍ ചെലവഴിച്ച ബസ് സ്റ്റാന്‍ഡ് നോക്കു കുത്തിയായി മാറി.കെഎസ്ആര്‍ടിസി ബസ് ഡിപ്പോ ഉണ്ടെങ്കിലും ഇവിടെ നിന്നും സര്‍വീസ് ആരംഭിക്കുന്ന ബസ്സില്ല. ഒട്ടു മിക്ക ബസ്സുകളും രാവിലെ മറ്റു സ്ഥലങ്ങളിലേക്ക് ഓടിയെത്തി അവിടെ നിന്നും സര്‍വീസ് തുടങ്ങും. ഡിപ്പോയെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.പള്ളിക്കമണ്ണടി പാലം ഇന്ന് വരും നാളെ വരും എന്നും പറഞ്ഞ് പല മുറവിളികളും നടന്നു. പാലം വന്നതുമില്ല പോയതുമില്ല. നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന ചാത്തന്നൂരിന്റെ വികസനം ചുവപ്പു നാടയില്‍ കുരുങ്ങി കിടക്കുകയാണ്.പുതുയായി അനുവദിച്ച ജോയിന്റ് ആര്‍ ടി ഓഫിസ് ചാത്തന്നൂരില്‍ നിന്ന് മാറ്റുന്നതിനും തിരക്കിട്ട ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് ആക്ഷേപം. പല സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പതിവുപോലെ പ്രസ്താവനങ്ങള്‍ ഇറക്കി മല്‍സരിച്ച് തുടങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it