wayanad local

ചളിക്കുളമായി പള്ളിക്കല്‍ പാതിരിച്ചാല്‍ റോഡ്



മാനന്തവാടി: അശാസ്ത്രിയമായ രീതിയില്‍ അനുബന്ധ റോഡ് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് എടവക ഗ്രാമപ്പഞ്ചായത്തിലെ പള്ളിക്കല്‍ പാതിരിച്ചാല്‍ റോഡ് ചളിക്കുളമായി. ഇതോടെ കാല്‍ നടയാത്ര പോലും ദുഷ്‌ക്കരമായി. എടവക വെള്ളമുണ്ട പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും വെള്ളമുണ്ടയിലേക്ക് എളുപ്പമാര്‍ഗ്ഗവും കൂടിയായ റോഡിലൂടെയുള്ള യാത്രയാണ് പ്രദേശവാസികള്‍ക്ക് ദുരിതമായി മാറിയത്. പാതിരിച്ചാല്‍ റോഡില്‍ നിന്നും ആലമുക്കിലേക്ക് അശാസ്ത്രിയമായ രീതിയില്‍ റോഡ് നിര്‍മ്മിച്ച തൊടെയാണ് പ്രദേശവാസികളുടെ ദുരിതം ആരംഭിക്കുന്നത്. മഴ പെയ്തതോടെ ആലമുക്ക് റോഡില്‍ നിന്നും മണ്ണ് കുത്തി ഒലിച്ച് പാതിരിച്ചാല്‍ റോഡിലേക്ക് ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് റോഡ് തകരാന്‍ തുടങ്ങിയത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കാല്‍നടയായി സഞ്ചരിക്കുന്ന റോഡാണിത്. റോഡില്‍ മുഴുവന്‍ ചളിയായതിനാല്‍ തന്നെ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ മാറി നില്‍ക്കാനോ ഇതിലൂടെ നടന്ന് പോകാനോ കഴിയാത്ത സാഹചര്യമാണ്. ഇരുചക്രവാഹനങ്ങളും മറ്റും അതിസാഹസികമായാണ് ഇതിലൂടെ കടന്ന് പോകുന്നത്. നുറുകണക്കിന് കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. ആലമുക്ക് റോഡ് ഒരു ലക്ഷം രൂപ ചിലവിലാണ് നിര്‍മ്മിച്ചത്. എന്നാല്‍ വെള്ളം ഒലിച്ച് പോകുന്നതിന് ഓവുചാലുകളോ മറ്റ് ബദല്‍ സംവിധാനങ്ങളോ ഇല്ലാത്തതിനാലാണ് ചെറിയ മഴ പെയ്യുമ്പോള്‍ പോലും മണ്ണ് ഒഴുകിയിറങ്ങാനിടയാക്കുന്നത്. ടെണ്ടര്‍ നല്‍കി നടത്തിയ പ്രവര്‍ത്തികള്‍ ആയതിനാലാണ് റോഡ് നിര്‍മ്മാണം അശാസ്ത്രീയമായി മണ്ണ് ഒഴുകി ഇറങ്ങി തങ്ങള്‍ക്ക് ദുരിതമായി മാറിയതെന്നും ഇതിനെതിരെ പഞ്ചായത്തില്‍ പരാതി നല്‍കിയതായും നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it