ചലച്ചിത്രമേളയ്ക്ക് ഫണ്ട് അക്കാദമി കണ്ടെത്തണം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 23ാം പതിപ്പ് നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്ര അക്കാദമിക്ക് അനുമതി നല്‍കി. എന്നാല്‍, സര്‍ക്കാര്‍ ഫണ്ട് നല്‍കില്ല. മേളയ്ക്കുള്ള ഫണ്ട് അക്കാദമി തന്നെ കണ്ടെത്തണം. ആറുകോടി രൂപ ചെലവിട്ട് നടത്തിയിരുന്ന മേള മൂന്നു കോടിയായി ചുരുക്കാമെന്ന് അക്കാദമി മുഖ്യമന്ത്രിയെ അറിയിച്ച സാഹചര്യത്തിലാണ് മേളയ്ക്ക് അനുമതി നല്‍കിയത്.
ഫണ്ട് കണ്ടെത്താമെന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. രണ്ടു കോടി ഡെലിഗേറ്റ് ഫീസ് ഉള്‍പ്പെടെയുള്ള വരുമാനത്തില്‍ നിന്നും ഒരു കോടി അക്കാദമിയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും ചെലവാക്കാമെന്നും അക്കാദമി മുഖ്യമന്ത്രിയെ അറിയിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്രമേളയും ഒഴിവാക്കിയിരുന്നു. ആര്‍ഭാടരഹിതമായി സ്‌കൂള്‍ കലോല്‍സവം നടത്താന്‍ തീരുമാനിച്ചപ്പോഴും ചലച്ചിത്രോല്‍സവം ഉപേക്ഷിച്ച മട്ടായിരുന്നു. എന്നാല്‍ മേള നടത്തണമെന്ന നിലപാടില്‍ അക്കാദമി ഉറച്ചുനിന്നു. ഫിലിം സൊസൈറ്റിയും മേള നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു നിവേദനം നല്‍കി.
പ്രത്യേക സാഹചര്യം കണക്കിലെടുത്തു ഡെലിഗേറ്റ് ഫീസ് ഇരട്ടിയിലേറെയാക്കി ചെലവിനുള്ള തുക കണ്ടെത്താനാണ് അക്കാദമി തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ജനറല്‍ വിഭാഗത്തില്‍ ഡെലിഗേറ്റ് ഫീസ് 650 രൂപയാണ്. ഇത് 1500 ആക്കാനാണ് ആലോചിക്കുന്നത്. വിദ്യാര്‍ഥികളുടേത് 350 രൂപയില്‍ നിന്ന് 700 രൂപയാക്കും. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കാനും സമാപനം ലളിതമാക്കാനും അക്കാദമി തീരുമാനിച്ചിട്ടുണ്ട്.
വിദേശ വിധികര്‍ത്താക്കളെയും അതിഥികളെയും പരമാവധി കുറയ്ക്കും. കാഷ് അവാര്‍ഡുകള്‍ മല്‍സരവിഭാഗം, മലയാളം സിനിമ, ഇന്ത്യന്‍ സിനിമ വിഭാഗങ്ങള്‍ക്ക് മാത്രമായി ചുരുക്കും. അതേസമയം, രാജ്യാന്തര ചലച്ചിത്രമേള നടത്തണമെങ്കില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്നു മന്ത്രി എ കെ ബാലന്‍. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നു പണം അനുവദിച്ചില്ലെങ്കില്‍ ചലച്ചിത്രമേള നടത്താന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
മേളയുടെ ചെലവ് എത്ര ചുരുക്കിയാലും നടത്തിപ്പിന് മൂന്നുകോടി രൂപയെങ്കിലും വേണം. രണ്ടു കോടി രൂപ അക്കാദമി കണ്ടെത്തിയാലും സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിക്കേണ്ടി വരുമെന്നും എ കെ ബാലന്‍ വ്യക്തമാക്കി.
ചെലവു കൂടിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിലും ഇത്തവണ നിയന്ത്രണമുണ്ടാവും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായി മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it