kasaragod local

ചരിത്ര സര്‍വേ: പത്താംതരം തുല്യതാ പഠിതാക്കള്‍ കണ്ടെത്തിയത് 8235 രേഖകള്‍

കാസര്‍കോട്്: പത്താം തരം തുല്യതാ പഠിതാക്കളുടെ ചരിത്ര രേഖാ സര്‍വേ കേരള സാക്ഷരതാ പ്രസ്ഥാനത്തിന്റെ മറ്റൊരു ചരിത്രമായി. പഠനം പകുതി വഴിക്ക് ഉപേക്ഷിക്കപ്പെട്ട, 1334 പേര്‍ സ്വയം വീണ്ടെടുപ്പായി പത്താം തര്യം തുല്യതാ പഠനത്തിന്റെ ഭാഗമായി 8235 ചരിത്ര രേഖകളാണ് കണ്ടെത്തിയത്. 139 താളിയോലകള്‍, 512 ജാതകങ്ങള്‍, 430 ഗ്രന്ഥങ്ങള്‍, 102 വിഷ ചികില്‍സാ രേഖകള്‍, ആയുര്‍വേദം 94, മന്ത്രങ്ങള്‍ 288, മറ്റുള്ളവ 6475 എന്നിങ്ങനെയാണ് ഇവര്‍ കണ്ടെത്തിയ ചരിത്ര രേഖകള്‍. അതിനോടൊപ്പം അച്ചടിക്കപ്പെട്ടിട്ടുള്ള 325 അപൂര്‍വ ഗ്രന്ഥങ്ങളും കണ്ടെത്തി.
പുരാവസ്തുക്കളായ പഴയ വീട്ടുപകരണങ്ങള്‍ 2466 എണ്ണവും കണ്ടെത്തി. ചരിത്ര രേഖ സര്‍വേയില്‍ പങ്കെടുത്ത 708 സ്ത്രീകളും 626 പുരുഷന്‍മാരുമടങ്ങിയ സംഘം 1311 വീടുകളും 23 സ്ഥാപനങ്ങളില്‍ സര്‍വേ നടത്തിയാണ് വിലപ്പെട്ട ഈ വിവരം ശേഖരിച്ചത്. ആകെയുണ്ടായിരുന്ന 1622 പഠിതാക്കളില്‍ 1334 പേര്‍ സര്‍വേയില്‍ പങ്കെടുത്തു. എഡി 1618-ലെ ചൈനീസ് പത്രം പീക്കിങ് ഗസറ്റ്, അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള താപ്പ്, 300 വര്‍ഷത്തിലധികം പഴക്കമുള്ള വിശറി തുടങ്ങി നിരവധി വൈവിധ്യങ്ങളായ പുരാവസ്തുക്കളാണ് ചരിത്ര സര്‍വേയില്‍ കണ്ടെത്തിയത്. അമൂല്യമായ ഗ്രന്ഥങ്ങളില്‍ മുഹമ്മദ് ബിന്‍ അബ്ദുല്ലയുടെ 1400 വര്‍ഷം പഴക്കമുള്ള അല്‍-ഫുര്‍ഗു-അല്‍ അമീന്‍ എന്ന ഗ്രന്ഥം, 1942ല്‍ എന്‍ നാരായണന്‍ വൈദ്യര്‍ രചിച്ച വൈദ്യതാരകം ആയൂര്‍വേദ ഗ്രന്ഥം, 1578-ലെ ഡോക്ടറിന ക്രിസ്‌റ്റേ (ഫ്രാന്‍സിസ് സേവ്യര്‍) തുടങ്ങിയവും പെടും. എഴുപത് വര്‍ഷം പഴക്കമുള്ള അറബിമലയാളത്തിലെഴുത്തിയ വിഷചികില്‍സാ ഗ്രന്ഥവും ഉള്‍പ്പെടും.
100 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള 11 ഗ്രന്ഥങ്ങളാണ് സര്‍വേയില്‍ ലഭിച്ചത്. കണ്ടെത്തിയ പുരാരേഖകള്‍ കന്നഡ, സംസ്‌കൃതം, മലയാളം, അറബിക്, ഉറുദു, പാലി, അറബിമലയാളം തുടങ്ങിയ ഭാഷകളിലുള്ളവയാണ്. കണ്ടെത്തിയ പുരാവസ്തുക്കള്‍ അതത് സ്ഥലത്തുതന്നെ നിലനിര്‍ത്തുകയും പിന്നീട് ജില്ലാ പഞ്ചായത്തിനോടനുബന്ധിച്ച് മ്യൂസിയം സ്ഥാപിച്ച് ശേഖരിക്കാനാണ് സാക്ഷരതാ മിഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്തതെന്ന് സാക്ഷരതാ മിഷന്‍ കോഓഡിനേറ്റര്‍ ഷാജുജോണ്‍ അറിയിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും സംസ്ഥാന ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റും ചേര്‍ന്നാണ് ശ്രദ്ധേയമായ ഈ ദൗത്യം നിര്‍വഹിച്ചത്.
ജില്ലാ പഞ്ചായത്ത് അനക്‌സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാറിന് നല്‍കി ചരിത്ര രേഖാ സര്‍വേയുടെ റിപോര്‍ട്ട് പ്രകാശനം  ചെയ്തു.
Next Story

RELATED STORIES

Share it