Flash News

ചരിത്ര മുഹൂര്‍ത്തം അരികെ; ഡ്രൈവര്‍മാരാവാന്‍ ഒരുങ്ങി 54,000 സൗദി വനിതകള്‍

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ വാഹനവുമായി നിരത്തിലിറങ്ങുന്ന ദിവസത്തിന് ഇനി രണ്ടുനാള്‍ മാത്രം. സ്വദേശികളും വിദേശികളുമായ 54,000ലേറെ സ്ത്രീകളാണ് ഡ്രൈവിങ് ലൈസന്‍സ് നേടി വാഹനവുമായി റോഡിലിറങ്ങാന്‍ കാത്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുന്ന നിയമം ഞായറാഴ്ചയാണ് സൗദിയില്‍ പ്രാബല്യത്തില്‍ വരുക.
അതിനു മുമ്പായി സ്ത്രീകളാരെങ്കിലും വാഹനവുമായി നിരത്തിലിറങ്ങിയാല്‍ 500 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വനിതകള്‍ വാഹനമോടിക്കുന്നതിനു മുന്നോടിയായി രാജ്യത്തെ എല്ലാ പാതകളിലും ഗതാഗത വിഭാഗം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
പ്രധാന നിരത്തുകളിലെല്ലാം വനിതാ ഡ്രൈവര്‍മാരെ കൂടി അഭിസംബോധന ചെയ്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. അതേസമയം, ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷകളില്‍ വനിതകള്‍ക്ക് ഇളവുകള്‍ ലഭിക്കില്ലെന്നു ട്രാഫിക് ഡയറക്ടറേറ്റ് ആവര്‍ത്തിച്ചു. ആളുകള്‍ മരിക്കുകയോ വൈകല്യം സംഭവിക്കുകയോ ഭേദമാവുന്നതിന് 15 ദിവസത്തിലധികം സമയമെടുക്കുന്ന പരിക്കുകളുണ്ടാവുകയോ ചെയ്യുന്ന അപകടങ്ങള്‍ക്ക് ഉത്തരവാദികളായ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുക്കും. ഇങ്ങനെ കസ്റ്റഡിയിലെടുക്കുന്ന വനിതകളെ പ്രത്യേക സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
മദ്യ, മയക്കുമരുന്ന് ലഹരിയിലും എതിര്‍ ദിശയിലും വാഹനമോടിക്കല്‍, സിഗ്‌നല്‍ കട്ട് ചെയ്യല്‍, നിശ്ചിത വേഗപരിധിയിലും മണിക്കൂറില്‍ 25 കിലോമീറ്ററില്‍ കൂടിയ വേഗതയില്‍ വാഹനമോടിക്കല്‍, നിരോധിക്കപ്പെട്ട സ്ഥലങ്ങളായ വളവുകളിലും കയറ്റങ്ങളിലും ഓവര്‍ടേക് ചെയ്യല്‍, സ്‌റ്റോപ്പ് സിഗ്‌നലുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കല്‍, ബ്രേയ്ക്ക്, ലൈറ്റ് പോലുള്ള അടിസ്ഥാന സജ്ജീകരണങ്ങളില്ലാതെ വാഹനങ്ങള്‍ ഓടിക്കല്‍, അഭ്യാസപ്രകടനം തുടങ്ങിയവ പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങളായി ട്രാഫിക് നിയമം കണക്കാക്കുന്നു. ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനമോടിക്കാന്‍ അനുവദിക്കുന്നത് 900 റിയാല്‍ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും ട്രാഫിക് വിഭാഗം വിശദമാക്കി. അംഗീകൃത ഡ്രൈവിങ് സ്‌കൂളുകളില്‍ ആയിരക്കണക്കിന് വനിതകളാണ് പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്തത്. തങ്ങള്‍ക്കു കീഴില്‍ 13,000 വനിതകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ദമ്മാം ഇമാം അബ്ദുര്‍റഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റി ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍ വെളിപ്പെടുത്തി.
Next Story

RELATED STORIES

Share it