Articles

ചരിത്രത്തിലേക്ക് ഒരു മഹാ പ്രയാണം

രമേശ് ചെന്നിത്തല
പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി ഇന്നെത്തുമ്പോള്‍ അതു ചരിത്രത്തിന്റെ മറ്റൊരു ഇതള്‍ കൂടിയാവുകയാണ്. കോണ്‍ഗ്രസ്സിന്റെ അധ്യക്ഷസ്ഥാനം  ഏറ്റെടുക്കുന്നതിനു തൊട്ടുമുമ്പ് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് മഹാ റാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ അതിനു കൈവരുന്ന ദേശീയ പ്രാധാന്യം വലുതാണ്. ഈ നിര്‍ണായക ഘട്ടത്തില്‍ രാഹുല്‍ എന്തു പറയുന്നുവെന്നു കേള്‍ക്കാന്‍ രാഷ്ട്രം കാതോര്‍ക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ ആളിക്കത്തിയ പ്രതിഷേധമായി പടയൊരുക്കം ജാഥ ഡിസംബര്‍ ഒന്നിനു ശംഖുമുഖത്ത് സമാപിക്കേണ്ടതായിരുന്നു. എന്നാല്‍, ഓഖി ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളും ജനങ്ങള്‍ക്ക് ഉണ്ടാക്കിയ ദുരിതങ്ങളും കണക്കിലെടുത്ത് സമാപന റാലി മാറ്റിവയ്ക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കൊപ്പം കെടുകാര്യസ്ഥതയും പിടിപ്പില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് ജാഥ പ്രയാണം നടത്തിയത്. ഞങ്ങള്‍ ചൂണ്ടിക്കാട്ടിയ ആ പിടിപ്പില്ലായ്മയും കെടുകാര്യസ്ഥതയും ഓഖി ചുഴലിക്കാറ്റിനെ നേരിടുന്നതിലും സംഭവിച്ചു എന്നതാണ് പ്രത്യേകത. ചുഴലിക്കാറ്റുകളുടെ വരവിനെക്കുറിച്ച് കൃത്യമായി അറിയാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും കഴിയുന്ന തരത്തില്‍ ശാസ്ത്രം പുരോഗമിക്കുകയും അതിനുള്ള അത്യാധുനിക സംവിധാനങ്ങളെല്ലാം ലഭ്യമാവുകയും ചെയ്തിട്ടും ഓഖിയുടെ വരവ് കേരള സര്‍ക്കാര്‍ തിരിച്ചറിയാതെപോയി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ സര്‍ക്കാരിന് എല്ലാ കാര്യത്തിലും പറ്റിയ വീഴ്ച ഇതിലും സംഭവിച്ചു. വിവിധ ഏജന്‍സികള്‍ ആവര്‍ത്തിച്ചു നല്‍കിയ മുന്നറിയിപ്പുകള്‍ ഫയലില്‍ കെട്ടിവച്ച് ഉറങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിന്റെ ഈ അലംഭാവത്തിനു മല്‍സ്യത്തൊഴിലാളികള്‍ നല്‍കേണ്ടിവന്ന വില വളരെ വലുതാണ്. പടയൊരുക്കം ജാഥ കാസര്‍കോട്ടു നിന്ന് തിരുവനന്തപുരം വരെ ആവേശം വിതറിയാണ് കടന്നുവന്നത്. അടുത്ത കാലത്തൊന്നും ഒരു യാത്രയിലും കേരളം ഇത്ര വലിയ ജനമുന്നേറ്റം ദര്‍ശിച്ചിട്ടില്ല. രാത്രിയും പകലും ജനങ്ങള്‍ പടയൊരുക്കത്തിലേക്ക് ഒഴുകിയെത്തി. കത്തിക്കാളുന്ന വെയിലിലും കോരിച്ചൊരിഞ്ഞ മഴയിലും ജനപ്രവാഹത്തിനു കുറവുണ്ടായില്ല. ചുഴലിക്കാറ്റടിച്ച 30നു പോലും തിരുവനന്തപുരം ജില്ലയിലെ സ്വീകരണകേന്ദ്രങ്ങളില്‍ വന്‍ ജനപ്രവാഹമായിരുന്നു. യഥാര്‍ഥത്തില്‍ ഇത്രയും വലിയ ജനമുന്നേറ്റം ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെയും സംസ്ഥാനത്തെ പിണറായി സര്‍ക്കാരിന്റെയും  ജനദ്രോഹ നടപടികളില്‍ ജനങ്ങള്‍ അത്രത്തോളം ശ്വാസംമുട്ടിയിരിക്കുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ കെ ആന്റണി പടയൊരുക്കം യാത്ര ഉദ്ഘാടനം ചെയ്യുമ്പോള്‍ അതു രാജ്യത്തുണ്ടാകാന്‍ പോവുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ കാഹളമായിരിക്കുമെന്നാണ് പറഞ്ഞത്. അതു ശരിയായി വന്നിരിക്കുന്നു. രാജ്യത്ത് ദേശീയതലത്തില്‍ രാഷ്ട്രീയ മാറ്റങ്ങളുടെ കൊടുങ്കാറ്റ് വീശിത്തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്താകട്ടെ, ഭരണമുന്നണിയിലും കാറും കോളും ഉരുണ്ടുകൂടി നില്‍ക്കുന്നു. പടയൊരുക്കം ആരംഭിക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചിരുന്നു, ഇതു കോണ്‍ഗ്രസ്സിനുള്ളിലെ വിഭാഗീയതയുടെ പടയൊരുക്കമാണെന്ന്. പക്ഷേ, പടയൊരുക്കം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അനൈക്യവും വിഭാഗീയതയും ആളിക്കത്തുന്നത് ഇടതു മുന്നണിയിലാണ്. സിപിഎമ്മും സിപിഐയും പരസ്പരം ചളിവാരിയെറിയുകയും പുലഭ്യം പറയുകയും ചെയ്യുന്നു. ജാഥയ്ക്കിടയില്‍ ഒരു മന്ത്രിക്ക് രാജിവയ്‌ക്കേണ്ടിവന്നു. പകരം പഴയയാളെ വീണ്ടും മന്ത്രിയാക്കാനുള്ള ശ്രമം പാതിവഴിക്കു മരവിപ്പിക്കേണ്ടിയും വന്നു. മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിശ്വാസമില്ല; മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെയും വിശ്വാസമില്ല. ആകെ കുത്തഴിഞ്ഞ അവസ്ഥയിലാണ് ഇടതു മുന്നണി ചെന്നുനില്‍ക്കുന്നത്. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടെന്ന ഓലപ്പാമ്പു കാട്ടി യുഡിഎഫ് നേതാക്കളെ തേജോവധം ചെയ്യുകയും പടയൊരുക്കം ജാഥയെ തകര്‍ക്കുകയും ചെയ്യാമെന്നു കരുതിയ ഇടതു മുന്നണിയുടെ പതനം ദയനീയമാണ്. 38 ക്രിമിനല്‍ കേസുകളിലെ പ്രതിയുടെ പാഴ്‌വാക്കുകളിലും പല തവണ മാറ്റിയെഴുതിയതായി പറയപ്പെടുന്ന ഒരു കത്തിന്റെയും അടിസ്ഥാനത്തിലും കെട്ടിപ്പൊക്കിയ സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന് യുഡിഎഫിന് ഒരു പോറല്‍ പോലും ഏല്‍പിക്കാന്‍ കഴിഞ്ഞില്ല. ഇടതു മുന്നണിയുടെ തകര്‍ച്ചയും യുഡിഎഫിന്റെ ഉയിര്‍ത്തെഴുന്നേല്‍പുമാണ് ജാഥയുടെ ഫലം. കേരള രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളും തകര്‍ന്നടിഞ്ഞു. ചരിത്രത്തില്‍ അടുത്ത കാലത്തൊന്നും ദര്‍ശിക്കാത്ത ഐക്യത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഘടകകക്ഷികളുടെ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ജാഥയ്ക്കു പിന്നില്‍ അണിനിരന്നു. കോണ്‍ഗ്രസ്സും ഘടകകക്ഷികളും ഏകമനസ്സോടെയാണ് പടയൊരുക്കത്തിനു വേണ്ടി പ്രവര്‍ത്തിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളെ തുറന്നുകാട്ടാന്‍ പടയൊരുക്കം ജാഥയ്ക്ക് കഴിഞ്ഞു. സംസ്ഥാനത്തെ ഇടതു മുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്കു ഭാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഭരണരംഗം സ്തംഭിച്ചുനില്‍ക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില മാനംമുട്ടെ ഉയര്‍ന്നിട്ടും ഒന്നും ചെയ്യാനാവാതെ കൈയുംകെട്ടി നോക്കിയിരിക്കുകയാണ് സര്‍ക്കാര്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ കിലോക്ക് 30 രൂപ വിലയുണ്ടായിരുന്ന അരിക്ക് ഇപ്പോള്‍ 60 രൂപ കൊടുക്കണം. പച്ചക്കറി, മീന്‍, ഇറച്ചി എന്നിവയ്ക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. ജിഎസ്ടിയുടെ മറവില്‍ പലവ്യജ്ഞനങ്ങളുടെയും മറ്റ് ഉല്‍പന്നങ്ങളുടെയും പേരില്‍ കൊള്ളയടി ഇപ്പോഴും തുടരുന്നു. ക്രമസമാധാനനില പാടേ തകര്‍ന്നിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒന്നര വര്‍ഷത്തിനിടയില്‍ 20 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും പരസ്പരം മല്‍സരിച്ച് ആളെ കൊല്ലുന്നു. പിണറായി സര്‍ക്കാര്‍ ഭൂമികൈയേറ്റക്കാരുടെയും നിയമലംഘകരുടെയും സംരക്ഷകരായി മാറിയിരിക്കുന്നത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പടയൊരുക്കത്തിനു കഴിഞ്ഞു. കോഴിക്കോട് മുക്കത്തെ ഗെയില്‍ പൈപ്പ്‌ലൈന്‍ പ്രശ്‌നത്തിലെ ജനകീയ സമരത്തെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തെ ചെറുത്തു പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ക്കായി. കായല്‍ കൈയേറുകയും ഭൂസംരക്ഷണ നിയമം ലംഘിക്കുകയും ചെയ്തതായി ജില്ലാ കലക്ടര്‍ റിപോര്‍ട്ട് ചെയ്തിട്ടും, കോടതിയില്‍ നിന്ന് നിശിത വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്തുകൊടുത്ത തോമസ് ചാണ്ടിക്ക് രാജിവയ്‌ക്കേണ്ടിവന്നതും പടയൊരുക്കം ജാഥയ്ക്കിടയിലാണ്. മൂന്നാറില്‍ ഇടത് എംപി ജോയ്‌സ് ജോര്‍ജിന്റെയും കോഴിക്കോട്ടെ കക്കാടംപൊയിലില്‍ ഇടത് എംഎല്‍എ പി വി അന്‍വറിന്റെ ഭൂമി കൈയേറ്റങ്ങളും നിയമലംഘനങ്ങളും ചോദ്യം ചെയ്യപ്പെട്ടതും ജാഥയ്ക്കിടയിലാണ്. ബിജെപിയും സിപിഎമ്മും പരസ്പരം സഹായിച്ചു നീങ്ങുന്ന ഗൂഢ അജണ്ട ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാന്‍ കഴിഞ്ഞതാണ് ജാഥയുടെ മറ്റൊരു നേട്ടം. നരേന്ദ്ര മോദിയുടെ സംസ്ഥാനത്തെ പ്രതിരൂപം എന്ന മട്ടിലാണ് പിണറായിയുടെ പ്രവര്‍ത്തനം. പത്രക്കാരെ അഭിമുഖീകരിക്കാനോ അവരുടെ ചോദ്യങ്ങള്‍ നേരിടാനോ രണ്ടു പേരും തയ്യാറല്ല. താന്‍ പറയുന്നത് മാത്രം എഴുതിയാല്‍ മതി, അല്ലാത്തപ്പോള്‍ കടക്ക് പുറത്ത് എന്ന ഏകാധിപത്യ സ്വരമാണ് പിണറായിക്ക്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരാകട്ടെ, ജനങ്ങളെ തമ്മിലടിപ്പിക്കുകയും അവരെ കൊള്ളയടിക്കുകയും ചെയ്യുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും പോലെ തലതിരിഞ്ഞ സാമ്പത്തിക പരീക്ഷണങ്ങള്‍ നടത്തി രാഷ്ട്രത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നു. രാഷ്ട്രം പിന്തുടര്‍ന്നിരുന്ന മതേതരത്വത്തെയും ബഹുസ്വരതയെയും അപകടത്തിലാക്കി. പശുവിന്റെയും ബീഫിന്റെയും പേരില്‍ ദലിതരെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടുള്ള ജനത്തിന്റെ അമര്‍ഷം ഒപ്പുശേഖരണത്തിലും തെളിഞ്ഞുകണ്ടു. തൂവെള്ള ബാനറില്‍ ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഒരു കോടി ഒപ്പ് ശേഖരിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും ജാഥ മുക്കാല്‍ പങ്ക് എത്തുമ്പോള്‍ തന്നെ ലക്ഷ്യം കവിഞ്ഞിരുന്നു. ജനങ്ങളുടെ പ്രതിഷേധം എത്ര ശക്തമാണെന്നു തെളിയിക്കുന്നതായി അവരുടെ ഈ ആവേശം.                                      ി
Next Story

RELATED STORIES

Share it