Flash News

ചരിത്രം ആവര്‍ത്തിച്ച് ജേതാക്കളുടെ ആദ്യ മല്‍സരങ്ങളിലെ വീഴ്ച

ടി പി  ജലാല്‍

ലോകകപ്പിലെ വമ്പ ന്‍ ടീമുകളുടെ കാലിടറല്‍ റഷ്യന്‍ ലോകകപ്പിലും തുടരുന്നു. ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, സ്‌പെയിന്‍ ടീമുകള്‍ക്ക് ഇക്കുറി ആദ്യ മല്‍സരങ്ങളില്‍ കാലിടറിയപ്പോള്‍ മുന്‍ ജേതാക്കളായ ഫ്രാന്‍സ് മാത്രമാണു പിടിച്ചുനിന്നത്.
റഷ്യന്‍ ലോകകപ്പിലെ ആദ്യദിനങ്ങളില്‍ മുന്‍ ജേതാക്കളായ സ്പാനിഷ് ടീമിനെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗലാണ് മൂന്നു ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ തളച്ചത്. ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ അ ര്‍ജന്റീന ഇത്തിരിക്കുഞ്ഞന്‍മാരായ ഐസ്‌ലാന്‍ഡിനോട് ഒരു ഗോള്‍ വീതമടിച്ചു തുല്യത പാലിച്ചു. ലോകമെമ്പാടുമുള്ള ആരാധകരുടെ പിന്തുണയുമായെത്തിയ കിരീട ഫേവറിറ്റുകളായ ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡിനോട് ഓരോ ഗോള്‍ വീതം നേടി സമനില വഴങ്ങി. ആദ്യ മല്‍സരത്തില്‍ യൂറോപ്യന്‍ വമ്പന്‍മാരായ ജര്‍മനി മെക്‌സിക്കോക്കെതിരേ ഒരു ഗോളിന്റെ തോ ല്‍വി വഴങ്ങിയപ്പോള്‍ ഫ്രാന്‍സ്് ആസ്‌ത്രേലിയയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തുകയായിരുന്നു.
നിലവിലെ ജേതാക്കളായ ജര്‍മനി മെക്‌സിക്കോക്കു മുന്നില്‍ ഏക ഗോളിന് തകര്‍ന്നപ്പോള്‍ അതു ചരിത്രത്തിന്റെ ആവര്‍ത്തനമാവുകയായിരുന്നു. 1994ലും ആദ്യ മല്‍സരത്തിലല്ലെങ്കിലും അധികം പ്രബലരല്ലാത്ത ബള്‍ഗേറിയയോടും ജര്‍മനി തോറ്റിരുന്നു. 1990ലെ ജേതാക്കളായ ജര്‍മനി ക്വാര്‍ട്ടറിലാണു തോറ്റത്. നിലവിലെ ജേതാക്കളില്‍ കൂടുതലും ആദ്യ മല്‍സരത്തില്‍ തന്നെ പരാജിതരായവരാണ്.
ഇതില്‍ തുടക്കക്കാരുടെ മുന്നിലും വമ്പന്‍മാരുടെ മുന്നിലും അടിയറവു പറഞ്ഞിട്ടുണ്ട്. മുന്‍ ജേതാക്കളില്‍ ആദ്യ മല്‍സരത്തില്‍ തന്നെ തോറ്റവരില്‍ അര്‍ജന്റീനയാണ് ഏറ്റവും മുന്നില്‍. 1986ലെ ജേതാക്കളായ അര്‍ജന്റീന 1990ല്‍ തുടക്കക്കാരായ കാമറൂണിനോടാണു വീണത്.  മുന്നേറ്റനിര താരം ഒമാം ബിയിക്കിന്റെ ഗോള്‍ ഇന്നും ഞെട്ടലോടെയാണു ലാറ്റിനമേരിക്കന്‍ ടീം ഓര്‍ക്കുന്നത്. മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലും ഭാഗ്യം കൊണ്ട് ഫൈനലിലെത്തുകയും ചെയ്തുവെങ്കിലും കാമറൂണ്‍ പേടിസ്വപ്‌നമായി അവശേഷിക്കുകയാണ്. 1978ല്‍ ചാംപ്യന്‍മാരായ അര്‍ജന്റീന 1982ലും ആദ്യ കളിയില്‍ ബെല്‍ജിയത്തോട് തോറ്റിട്ടുണ്ട്.
1998ലെ ചാംപ്യന്‍മാരായ ഫ്രാന്‍സ് 2002ലെ ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ പരാജയം ഏറ്റുവാങ്ങിയതാണു ചരിത്രം ആവര്‍ത്തിച്ച മറ്റൊരു ഫ്രഞ്ച് ദുരന്തം.
ആഫ്രിക്കന്‍ കരുത്തരായ സെനഗലിനോടാണ് ഏക ഗോളിന് പരാജയപ്പെട്ടത്. അവസാന മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനോടും തോറ്റ പ്ലാറ്റിനിയുടെ നാട്ടുകാര്‍ ഉറുഗ്വേയുമായി നേടിയ സമനിലയുമായി ലീഗ് റൗണ്ടില്‍ തന്നെ പുറത്തായി. 2006ലെ ചാംപ്യന്‍മാരായ ഇറ്റലി 2010ലെ ആദ്യ മല്‍സരത്തി ല്‍ പരാഗ്വേക്ക് മുന്നിലും ന്യൂസിലന്‍ഡിന് മുന്നിലും സമനിലക്കുരുക്കിലകപ്പെടുകയും സ്ലോവാക്യയോട് തോറ്റു പുറത്താവുകയും ചെയ്തു. 1982 ലെ ചാംപ്യന്‍മാരായ ഇറ്റലി 1986ല്‍ ആദ്യ മല്‍സരത്തില്‍ ബള്‍ഗേറിയക്ക് മുന്നില്‍ വിറച്ച് രണ്ടാം റൗണ്ടിനപ്പുറം മുന്നേറിയില്ല. 1938ലെ ജേതാക്കളായ ഇറ്റലി 1950ലെ ആദ്യ മല്‍സരത്തില്‍ സ്വീഡനോടും തോറ്റിട്ടുണ്ട്. 2014ല്‍ നെതര്‍ലന്‍സിനോടാണെങ്കിലും 2010 ലെ ചാംപ്യന്‍മാരായ സ്‌പെയിന്‍ 5-1ന്റെ തകര്‍പ്പന്‍ തോല്‍വിയാണ് വാങ്ങിയത്. വാന്‍പേഴ്‌സിയെന്ന പറവയുടെ ഹെഡ്ഡര്‍ ലോകത്തിലെ മികച്ച ഗോളുകളിലൊന്നായിരുന്നു.
രണ്ടാം റൗണ്ട് പോലും കാണാതെയാണ് കഴിഞ്ഞ തവണ സ്‌പെയിന്‍ പുറത്തായത്. അഞ്ച് തവണ കപ്പ് നേടിയ മഞ്ഞപ്പടയും ഈ ദുരന്തം ഏറ്റുവാങ്ങിയിട്ടുണ്ട്. 1994ലെ ജേതാക്കളായ ബ്രസീല്‍ ആദ്യ മല്‍സരത്തിലല്ലെങ്കിലും നോര്‍വേയോട് മൂന്നാം മല്‍സരത്തില്‍ 2-1ന് തോറ്റു. 1962ലെ ജേതാക്കളായ ബ്രസീല്‍ തൊട്ടടുത്ത ലോകകപ്പില്‍ (1966) ഹംഗറിയോട് തോറ്റ് രണ്ടാം റൗണ്ട് കാണാതെ പുറത്തായി. അതേസമയം 1934 ലും 38ലും ഇറ്റലിയും 1958ലും 62ലും ബ്രസീലും മാത്രമാണു തുടര്‍ച്ചയായി രണ്ട് തവണ കപ്പ് നേടിയിട്ടുള്ളൂ. ഇതിന് ശേഷമോ മുമ്പോ ഇങ്ങിനെ സംഭവിച്ചിട്ടില്ല.
Next Story

RELATED STORIES

Share it