Editorial

ചരക്കു സേവന നികുതിയുടെ ഒരുവര്‍ഷം

വര്‍ഷങ്ങളുടെ തയ്യാറെടുപ്പിനുശേഷമാണ് കഴിഞ്ഞ വര്‍ഷം ജൂലൈ 1ന് രാജ്യത്ത് ചരക്കു സേവന നികുതി നടപ്പാക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിലനിന്ന വ്യത്യസ്തമായ നികുതിനിരക്കുകളും സംവിധാനങ്ങളും ഏകീകരിച്ച് രാജ്യത്തിന് മൊത്തത്തില്‍ ബാധകമാവുന്ന ലളിതമായ നികുതിഘടന എന്നതായിരുന്നു ജിഎസ്ടി എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ നികുതിവ്യവസ്ഥയുടെ പിന്നിലെ പ്രധാന ലക്ഷ്യം.
പുതിയ നികുതിസംവിധാനം ഒരുപാടു നേട്ടങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് എന്ന വസ്തുത നിരാകരിക്കാവുന്നതല്ല. അതേസമയം തന്നെ ജിഎസ്ടിയുടെ നടപ്പാക്കലില്‍ സംഭവിച്ച പാളിച്ചകള്‍ രാജ്യത്തെ ഉല്‍പാദകര്‍ക്കും വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും കടുത്ത പ്രയാസങ്ങളും പ്രതിസന്ധികളുമാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ സംവിധാനത്തിന്റെ സങ്കീര്‍ണതകള്‍ ഒട്ടും ചെറുതായിരുന്നില്ല. അതു നടപ്പാക്കുന്നതിലുള്ള പ്രയാസങ്ങള്‍ ഒരുഭാഗത്ത്; പല സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും നേരത്തേയുണ്ടായിരുന്നതിലും എത്രയോ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പിക്കുന്ന നിരക്കുകള്‍ മറുഭാഗത്ത്. അതിനിടയില്‍പ്പെട്ട് നട്ടംതിരിഞ്ഞ് ആയിരക്കണക്കിനു ചെറുകിട ഉല്‍പാദകരും വ്യാപാരികളും കഷ്ടപ്പെടുകയുണ്ടായി. നികുതിനിരക്കു നടപ്പാക്കലിലെ പ്രയാസങ്ങള്‍ കാരണം ഒരുകോടിയോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ചില കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.
തീര്‍ച്ചയായും നികുതിഘടനാ പരിഷ്‌കരണം എന്നത് എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യമല്ല. പ്രത്യേകിച്ചും ഇന്ത്യയെപ്പോലെ വിശാലമായ ഒരു രാജ്യത്ത്, ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും തങ്ങളുടേതായ വ്യത്യസ്ത നികുതിനിരക്കുകള്‍ ഒരേതരം ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ചുമത്തിവന്ന സാഹചര്യത്തില്‍. അത്തരം ബഹുമുഖ നികുതിസമ്പ്രദായം ചരക്കുകളുടെ കടത്തിനും കൈമാറ്റത്തിനും പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചെക്‌പോസ്റ്റുകളില്‍ ചരക്കുലോറികള്‍ ദിവസങ്ങളോളം കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നു. അതുമൂലം സംഭവിക്കുന്ന വ്യാപാരനഷ്ടവും തൊഴില്‍നഷ്ടവും അതീവ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങളാണു സൃഷ്ടിച്ചത്. ഇപ്പോള്‍ ഇ-വേബില്ല് സമ്പ്രദായം ശക്തിപ്പെടുന്നതോടെ ചരക്കുകടത്തിലെ കുപ്പിക്കഴുത്ത് പ്രശ്‌നം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ.
എന്നിരുന്നാലും ജിഎസ്ടിയുടെ ഘടനയും അതു നടപ്പാക്കിയ രീതിയും കടുത്ത വിമര്‍ശനങ്ങള്‍ക്കാണു വഴിവച്ചത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ കുപ്രസിദ്ധമായ നോട്ടുനിരോധന പ്രഖ്യാപനത്തിന്റെ ആഘാതം നിലനില്‍ക്കുന്ന അവസരത്തില്‍ തന്നെയാണ് ജിഎസ്ടി സംവിധാനം നടപ്പാക്കിയത്. ദുര്‍ബലമായ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു ഈ രണ്ട് ആഘാതങ്ങള്‍ വഴി സംഭവിച്ച ദുരന്തങ്ങള്‍.
ഒരുപക്ഷേ, വരുംവര്‍ഷങ്ങളില്‍ സ്ഥിതിഗതികള്‍ മാറുമെന്നു പ്രതീക്ഷിക്കാവുന്നതാണ്. പക്ഷേ, രാജ്യത്തെ നികുതിഘടന പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലേക്കു വരുന്നതോടെ നമ്മുടെ സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശങ്ങളിലാണു കാര്യമായ ശോഷിപ്പു സംഭവിക്കുന്നത്. അതേപോലെ തന്നെ അഞ്ചു ശതമാനം മുതല്‍ 28 ശതമാനം വരെ നാലു വ്യത്യസ്ത നികുതിനിരക്കുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അതിന്റെ സങ്കീര്‍ണതകള്‍ ജിഎസ്ടിയെ സത്യത്തില്‍ ഒരു വൃഥാവ്യായാമമാക്കി മാറ്റിയിട്ടുണ്ട് എന്ന വിമര്‍ശനത്തില്‍ വസ്തുതയുണ്ട്.
Next Story

RELATED STORIES

Share it