Flash News

ചരക്കുകപ്പലിന് തീപ്പിടിച്ച് ജീവനക്കാരന്‍ മരിച്ച സംഭവം: തീരദേശ പോലിസ് കേസെടുത്തു

മട്ടാഞ്ചേരി: കൊച്ചി പുറങ്കടലി ല്‍ ചരക്കുകപ്പലിന് തീപ്പിടിച്ച് ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ തീരദേശ പോലിസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണു കേസെടുത്തത്. മറൈന്‍ എന്‍ജിനീയറിങ് ട്രെയ്‌നി അഹ്മദാബാദ് സ്വദേശി യോഗേഷ് കാഞ്ചി സോളങ്കി (29) ആണു പൊള്ളലേറ്റ് മരിച്ചത്. യോഗേഷിന്റെ മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. യോഗേഷിന്റെ അമ്മാവനും ഷിപ്പിങ് കമ്പനിയുടെ ജീവനക്കാരുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം ഇന്ന് പുലര്‍ച്ചെ ഒരു മണിക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോവും. മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ സന്തോഷ്, കോസ്റ്റല്‍ പോലിസ് എസ്‌ഐ തോമസ് മോര്‍ഗന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മുന്ദ്ര തുറമുഖത്തുനിന്നു നാഫ്ത ഇന്ധനവുമായി കൊളംബോയിലേക്കു പോവുകയായിരുന്ന എംവി നളിനി എന്ന കപ്പലിലാണു കഴിഞ്ഞ ദിവസം രാത്രിയില്‍ തീപ്പിടിത്തമുണ്ടായത്. എന്‍ജിന്‍ മുറിയില്‍ തീപ്പിടിച്ചതിനെ തുടര്‍ന്നാണ് യോഗേഷിന് ഗുരുതരമായി പൊള്ളലേറ്റത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ യാഗേഷിനെ നാവികസേനയുടെ സഹായത്തോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാ ന്‍ കഴിഞ്ഞില്ല. കൊച്ചി തീരത്ത് നിന്നും 14.5 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് തീപ്പിടിത്തമുണ്ടായത്. കപ്പലില്‍ ഉണ്ടായിരുന്ന ബാക്കി 21 ആളുകളെയും നാവികസേന രക്ഷപ്പെടുത്തി. ചരക്കുകപ്പല്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാനാണു ശ്രമം. ഇതിനായി വിദേശത്തു നിന്ന് വിദഗ്ധരെ എത്തിക്കാനാണു കമ്പനിയുടെ നീക്കം. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. നാഫ്തയുമായി പോവുന്ന കപ്പലില്‍ തീപ്പിടിത്തം തടയാന്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാണ്. കാലാവസ്ഥ അനുയോജ്യമല്ലാത്തതിനാല്‍ കപ്പലിനടുത്ത് എത്താന്‍ തീരദേശ പോലിസിന് സാധിച്ചിട്ടില്ല. കപ്പലിലെ വയര്‍ലെസ് സംവിധാനം ഉള്‍പ്പെടെ പ്രവര്‍ത്തനരഹിതമാണ്.
Next Story

RELATED STORIES

Share it