ernakulam local

ചമ്പക്കരയില്‍ കെട്ടിടം പൊളിക്കാനെത്തിയ അധികൃതരെ കച്ചവടക്കാര്‍ തടഞ്ഞു

മരട്: മെട്രൊ റെയിലിനായി ചമ്പക്കരയില്‍ കെട്ടിടം പൊളിക്കാനെത്തിയ അധികൃതരെ കച്ചവടക്കാര്‍ തടഞ്ഞു. ഇതിനായി കൊണ്ടുവന്ന ജെസിബിക്കു മുന്നില്‍ ചമ്പക്കര മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ തടസ്സം സൃഷ്ടിച്ചു. സ്ഥലമെടുപ്പിന്റെ നടപടിക്രമങ്ങളിലെ വീഴ്ച്ചയാണ് ഇതിന് കാരണമായത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കെട്ടിടം പൊളിക്കാന്‍ എത്തിയതെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും, ഗുണഭോക്താക്കളായ ചിലര്‍ക്ക് നോട്ടീസ് നല്‍കാന്‍ വിട്ടു പോയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. മെട്രോ റയിലിനായി ഭൂമിയും, കെട്ടിടവും നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവച്ച് പ്രശ്‌നത്തില്‍ ധാരണയായിരുന്നു.
ഈ തുക ഭൂകെട്ടിട ഉടമകള്‍ക്കാണ് ലഭിക്കുക. എന്നാല്‍ ഇത് മൂലം തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെടുന്ന വാടക കെട്ടിടത്തിലെ കച്ചവടക്കാര്‍ക്കും,മറ്റ് മേഖലയിലുള്ളവര്‍ക്കും ഇതിനുള്ള നഷ്ടപരിഹാര തുകയായി 6.26 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വ്യക്തമായ ഉറപ്പ് ലഭിക്കാത്തതാണ് വെള്ളിയാഴ്ച്ച ജോലി തടസ്സപ്പെടാനിടയാക്കിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്ഥലം കൗണ്‍സിലര്‍ വി പി ചന്ദ്രന്‍ കലക്ടറുമായി ബന്ധപ്പെട്ടു വിവരം അറിയിച്ചു. നോട്ടീസ് നല്‍കാന്‍ വിട്ടു പോയവര്‍ക്ക് അടിയന്തിരമായി നോട്ടീസ് നല്‍കിയതിനു ശേഷം പ്രശ്‌നം പരിഹരിച്ച് കെട്ടിടം പൊളിക്കല്‍ പുന:രാരംഭിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it