ചന്ദ കൊച്ചാര്‍ ഐസിഐസിഐ മേധാവിസ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐയുടെ മേധാവിസ്ഥാനത്തു നിന്നു ചന്ദ കൊച്ചാര്‍ രാജിവച്ചു. വീഡിയോകോണ്‍ കമ്പനിക്ക് ചട്ടങ്ങള്‍ ലംഘിച്ച് വായ്പ നല്‍കിയ സംഭവത്തില്‍ ആരോപണവിധേയയായിരുന്ന ചന്ദ കൊച്ചാറിനെ ചെയര്‍മാന്‍സ്ഥാനത്തു നിന്നു നീക്കുന്നതിനായി ബാങ്കിന്റെ ബോര്‍ഡില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രാജി.
മുന്‍ ലൈഫ് ഇന്‍ഷുറന്‍സ് തലവനും നിലവില്‍ ചീഫ് ഓപറേറ്റിങ് ഓഫിസറുമായ (സിഒഒ) സന്ദീപ് ബക്ഷി ബാങ്കിന്റെ പുതിയ മേധാവിയാവും.
ഐസിഐസിഐ ബാങ്ക് വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണമായിരുന്നു ഇവര്‍ക്കെതിരേ നടന്നിരുന്നത്. വീഡിയോകോണ്‍ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് വഴിവിട്ട് വായ്പ നല്‍കിയത് ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ ഇടപെടലിലൂടെ ആണെന്നായിരുന്നു ആരോപണം.
'ഫോര്‍ച്യൂണ്‍' ബിസിനസ് മാസിക ലോകത്തെ ശക്തരായ ബിസിനസ് വനിതകളില്‍ ഒരാളായി തിരഞ്ഞെടുത്തിരുന്നു. 2010ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും ഇവരെ തേടിയെത്തി.

Next Story

RELATED STORIES

Share it