ചന്ദ്രശേഖര്‍ റാവുവും മമതയും കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബിജെപി-കോ ണ്‍ഗ്രസ്സിതര മുന്നണി രൂപീകരണ ശ്രമങ്ങളുടെ ഭാഗമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാള്‍ സെക്രട്ടേറിയറ്റിലായിരുന്നു കൂടിക്കാഴ്ച.
2019ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്ത് കോണ്‍ഗ്രസ്-ബിജെപി ഇതര ഫെഡറല്‍ മുന്നണിക്കായി ശ്രമിക്കുമെന്ന് തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) നേതാവ് കൂടിയായ റാവു നേരത്തേ പ്രഖ്യാപിച്ചിരുന്നു. തന്റെ ശ്രമത്തിനു തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി അടക്കമുള്ള നേതാക്കള്‍ പിന്തുണ പ്രകടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി മറ്റൊരു മുന്നണി കൂടി വേണമെന്ന് ജനങ്ങള്‍ കരുതുന്നതായി കൂടിക്കാഴ്ചയ്ക്കു ശേഷം റാവു പറഞ്ഞു.
ബദല്‍ ശക്തിക്കായുള്ള ആവശ്യകത ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ക്കു വേണ്ടിയാവും പുതിയ മുന്നണി. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമിക മാറ്റിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമായ സമാന ചിന്താഗതിക്കാരുടെ കൂടിച്ചേരലാണിതെന്ന്, ഫെഡറല്‍ മുന്നണിയുടെ നേതൃസ്ഥാനം ആര്‍ക്കായിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് റാവു പ്രതികരിച്ചു. സംയുക്തമായ നേതൃത്വമാവും മുന്നണിക്ക്. മുന്നണിയുടെ ഫെഡറല്‍ സ്വഭാവം നേതൃത്വത്തിലും പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു പുതിയ തുടക്കമാണ് ഫെഡറല്‍ മുന്നണിയെന്ന് മമത ബാനര്‍ജി പ്രതികരിച്ചു. ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. മറ്റു പാര്‍ട്ടികളുമായും സംസാരിച്ചു. അവര്‍ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. ശക്തമായ ഫെഡറല്‍ മുന്നണിയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി. രാജ്യത്തെ ഭരിക്കേണ്ടത് ഒറ്റ കക്ഷിയല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it