ചടങ്ങുവിവാഹം, ബഹുഭാര്യത്വം: ഭരണഘടനാ ബെഞ്ചിന്‌

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തിനിയമത്തിനു കീഴില്‍ വരുന്ന ബഹുഭാര്യത്വവും നികാഹ് ഹലാലയും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന നാലു ഹരജികളില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനും ദേശീയ വനിതാ കമ്മീഷനും നോട്ടീസയച്ചു. ബിജെപി ഡല്‍ഹി ഘടകം വക്താവ് അശ്വിനികുമാര്‍ ഉപാധ്യായ, മൗലിം മുഹ്‌സിന്‍ ബിന്‍ ഹുസൈന്‍, നഫീസാ ഖാന്‍, സമീനാ ബീഗം എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. നികാഹ് ഹലാല (ചടങ്ങുകല്യാണം), ബഹുഭാര്യത്വം എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കുന്നതിനായി ഹരജി സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിനു വിടാനും തീരുമാനിച്ചു.
നേരത്തേ മുത്ത്വലാഖ് കേസ് പരിഗണിക്കുന്നതിനിടെ നികാഹ് ഹലാലയും ബഹുഭാര്യത്വവും റദ്ദാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും ഇപ്പോള്‍ മുത്ത്വലാഖ് മാത്രമേ പരിഗണിക്കുന്നുള്ളൂവെന്നും ബാക്കിയുള്ളവ മറ്റൊരിക്കല്‍ പരിഗണിക്കാമെന്നുമായിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്. മൂന്നു മൊഴിയും ചൊല്ലി ഉപേക്ഷിച്ച ഭാര്യയെ മുന്‍ ഭര്‍ത്താവിന് തിരിച്ചെടുക്കണമെങ്കില്‍ അവരെ മറ്റൊരാള്‍ വിവാഹം കഴിച്ചശേഷം ഉപേക്ഷിക്കുന്ന രീതിയാണ് ചടങ്ങുവിവാഹം.
മുത്ത്വലാഖ് ഉത്തരവില്‍ നികാഹ് ഹലാലയും ബഹുഭാര്യത്വവും പരിഗണിച്ചില്ലെന്ന് ഹരജിക്കാരിയായ സമീനാ ബീഗത്തിനു വേണ്ടി ഹാജരായ വി ശേഖര്‍ ഇന്നലെ കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്നു മുത്ത്വലാഖ് മാത്രമാണ് പരിഗണിച്ചതെന്നും മറ്റുള്ളവ പിന്നീട് പരിഗണിക്കാമെന്ന് തീരുമാനിച്ചതാണെന്നുമായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ മറുപടി. ലിംഗവിവേചനം സംബന്ധിച്ച ഭരണഘടനയുടെ 15, തുല്യാവകാശം സംബന്ധിച്ച 14 എന്നീ വകുപ്പുകള്‍ നികാഹ് ഹലാലയ്ക്കും ബഹുഭാര്യത്വത്തിനും എതിരായതിനാല്‍ അവ രണ്ടും നിരോധിക്കണമെന്നതാണ് ബിജെപി നേതാവിന്റെ ആവശ്യം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ എല്ലാ വകുപ്പുകളും ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും ബാധകമാണ്. ഈ സാഹചര്യത്തില്‍ സ്ത്രീയോട് ഭര്‍ത്താവു ചെയ്യുന്ന  ക്രൂരതകള്‍ സംബന്ധിച്ച ഐപിസി 498 (എ) പ്രകാരം ബഹുഭാര്യത്വം ഭരണഘടനയ്ക്കു വിരുദ്ധമാണെന്നാണ് ബിജെപി നേതാവ് നല്‍കിയ ഹരജിയില്‍ വാദിക്കുന്നത്. നികാഹ് ഹലാല ബലാല്‍സംഗമായി പ്രഖ്യാപിക്കണമെന്നാണ് സമീനാ ബീഗത്തിന്റെ ഹരജിയില്‍ പറയുന്നത്. നികാഹ് ഹലാല, ബഹുഭാര്യത്വം, ശിയാക്കള്‍ക്കിടയിലെ മുത്അ വിവാഹം, സമാനമായി സുന്നികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള മിസിയാര്‍ വിവാഹം എന്നിവ നിരോധിക്കണമെന്നാണ് മൗലിം മുഹ്‌സിന്റെ ഹരജിയിലെ ആവശ്യം.
Next Story

RELATED STORIES

Share it