Kottayam Local

ചങ്ങനാശ്ശേരി റെയില്‍വേ ഫ്‌ളൈഓവര്‍ നിര്‍മാണത്തിന് നടപടിയായില്ല

ചങ്ങനാശ്ശേരി: സംസ്ഥാന ബജറ്റില്‍ 90 കോടി രൂപ അനുവദിച്ച ചങ്ങനാശ്ശേരി റെയില്‍വെ ബൈപാസ് ജങ്ഷനിലെ ഫ്‌ളൈ ഓവര്‍ നിര്‍മാണത്തിനു നടപടികളായില്ല. കഴിഞ്ഞ ബജറ്റിലായിരുന്നു ധനമന്ത്രി തോമസ് ഐസക് ഫ്‌ളൈ ഓവറിനായി തുക അനുവദിച്ചതും പ്രഖ്യാപനം നടത്തിയതും. എന്നാല്‍, ഇതുവരെയായും ഇതുസംബന്ധിച്ച നടപടി ആരംഭിച്ചിട്ടില്ല. വന്‍തിരക്കു അനുഭവപ്പെടുന്ന ഇവിടെ പ്രസ്തുത ഫ്‌ളൈ ഓവര്‍ നിര്‍മാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. എംസി റോഡില്‍ ളായിക്കാട് ജങ്ഷനില്‍ നിന്ന് ആരംഭിച്ച് പാലാത്രച്ചിറയില്‍ അവസാനിക്കുന്ന ബൈപാസ് വാഴൂര്‍ റോഡുമായി സന്ധിക്കുന്ന ഭാഗത്താണ് ഏറെ തിരക്കനുഭവപ്പെടുന്നത്. അതുകൊണ്ടാണ് ഇവിടെ ഫ്‌ളൈ ഓവര്‍ വേണമെന്ന മുറവിളി ഉയര്‍ന്നത്. വാഴൂര്‍ റോഡിലെ റെയില്‍വേ മേല്‍പ്പാലം ബൈപാസ് റോഡിലെത്തുമ്പോള്‍ നേരിയ വളവ് അനുഭവപ്പെടുന്നതു ഗതാഗതക്കുരുക്കിനും മറ്റും കാരണമാവാറുണ്ട്. ഇതിനുകൂടി പരിഹാരമെന്ന നിലയിലാണ് മരാമത്തു വകുപ്പ് ഫ്‌ളൈ ഓവറിനായി ആലോചിച്ചത്. എന്നാല്‍, ഇതു സംബന്ധിച്ചു വകുപ്പു വിശദമായ പഠന റിപോര്‍ട്ട് തയ്യാറാക്കുന്നതിനു നടപടികള്‍ ആരംഭിച്ചെങ്കിലും അതു തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്. കോട്ടയം നാഗമ്പടം സ്റ്റേഡിയത്തില്‍ 2015 ജൂണ്‍ 26നു നടന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന വേളയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചങ്ങനാശ്ശേരി റെയില്‍വെ ബൈപ്പാസ് ജങ്ഷനിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. അന്നത്തെ യോഗത്തില്‍ സംസാരിച്ച സി എഫ് തോമസ് എംഎല്‍എ ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. അതുകൂടി അംഗീകരിച്ചായിരുന്നു പ്രഖ്യാപനം നടത്തിയത്. എന്നാല്‍, എല്ലാം തുടങ്ങിയടത്തുതന്നെ നില്‍ക്കുകയാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നിരക്കുന്നത്.
Next Story

RELATED STORIES

Share it