ചങ്ക്' വണ്ടി തിരികെയെത്തി; തച്ചങ്കരിക്ക് നേരിട്ടെത്തി നന്ദി പറഞ്ഞ് റോസ്മി

തിരുവനന്തപുരം: ഏവരും ആനവണ്ടിയെന്നുപറഞ്ഞു കളിയാക്കുമ്പോഴും തന്റെ ചങ്കായ കെഎസ്ആര്‍ടിസി ബസ്സിനെ തിരികെയെത്തിച്ചുതന്നതിന് നന്ദിപറയാനായി ആ കോട്ടയംകാരി കോര്‍പറേഷന്‍ എംഡി ടോമിന്‍ തച്ചങ്കരിയെ കാണാനെത്തി. ആലുവ കെഎസ്ആര്‍ടിസി റീജ്യനല്‍ വര്‍ക് ഷോപ്പില്‍ നിന്ന് തന്റെ ചങ്ക് ബസ് ഈരാറ്റുപേട്ട ഡിപ്പോയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ടോമിന്‍ തച്ചങ്കരിയെ കാണാനായി കോട്ടയം ഈരാറ്റുപേട്ട സ്വദേശിയും സ്പീഡ് വിങ്‌സ് ഏവിയേഷന്‍ അക്കാദമി വിദ്യാര്‍ഥിനിയുമായ റോസ്മി സണ്ണി എത്തിയത്. ബസ് തിരികെത്തന്നതിന് റോസ്മി തച്ചങ്കരിക്ക് നന്ദി പറഞ്ഞു.
സ്ഥിരമായി സഞ്ചരിച്ചുകൊണ്ടിരുന്ന ബസ് ഡിപ്പോ മാറ്റിയതില്‍ പ്രതിഷേധിച്ചും തിരികെ നല്‍കണമെന്നും അഭ്യര്‍ഥിച്ച് റോസ്മി ആലുവ ഡിപ്പോയിലേക്ക് വിളിച്ച കോള്‍ വൈറലായിരുന്നു. ഡിപ്പോയിലേക്ക് ഫോണ്‍ ചെയ്യാന്‍ സഹായിച്ച കൂട്ടുകാരിയും റോസ്മിക്കൊപ്പം  ഉണ്ടായിരുന്നു.  കെഎസ്ആര്‍ടിസിയുടെ വലിയ ആരാധികയാണ് താനെന്നും ബസ് നഷ്ടപ്പെടുമോയെന്ന ആശങ്കയാലാണ് ഫോണ്‍ വിളിച്ചതെന്നും റോസ്മി പറഞ്ഞു.
ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസി 140 നമ്പര്‍ വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരേയാണ് റോസ്മി ഫോണിലൂടെ പരാതിയുമായി എത്തിയത്. ഫോണ്‍ വിളിച്ചതിന്റെ ശബ്ദരേഖ നവമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് തച്ചങ്കരി ഇടപെട്ടാണ് ബസ് ഈരാറ്റുപേട്ടയ്ക്കു തിരിച്ചു നല്‍കിയത്. സംഭവം ജനശ്രദ്ധയാകര്‍ഷിച്ചതോടെ ഈ ബസ്സിന് ചങ്ക് വണ്ടി എന്ന പേരും നല്‍കി. ഈരാറ്റുപേട്ടയിലെത്തിയ ബസ്സിനെ നാട്ടുകാര്‍ ഹാരാര്‍പ്പണം നടത്തിയാണ് വരവേറ്റത്.
Next Story

RELATED STORIES

Share it