Kottayam Local

ചക്കയ്ക്ക് പ്രിയമേറുന്നു ; വീട്ടമ്മമാര്‍ ചക്ക വിഭവങ്ങളുടെ പാചക പഠനത്തില്‍



എരുമേലി: ചക്ക വിഭവങ്ങള്‍ക്ക് നാട്ടിലും വിദേശത്തും പ്രിയമേറിയതോടെ വീട്ടമ്മമാര്‍ ചക്കകൊണ്ടു വ്യത്യസ്ത വിഭവങ്ങളൊരുക്കാനുള്ള പഠനത്തില്‍. ചക്ക കൊണ്ട് പായസവും ഐസ്‌ക്രീമും കേക്കും ബജിയും വടയും മിഠായിയും സമൂസയും ചപ്പാത്തിയും പൂരിയും പത്തിരിയും എന്നുവേണ്ട ബിരിയാണിയും ഉള്‍പ്പടെ 250ലേറെ വിഭവങ്ങളൊരുക്കാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് നാട്ടിന്‍പുറങ്ങളിലെ വീട്ടമ്മമാര്‍. പറമ്പില്‍ ഇടം കളയുന്ന മരമായി കണ്ട് പ്ലാവും ചക്കയുമൊക്കെ ഒഴിവാക്കിയവരൊക്കെ നല്ലയിനം വരിക്ക പ്ലാവിന്റെ തൈ തേടിപ്പിടിച്ച് നട്ടുപിടിപ്പിക്കുകയാണ്. വിദേശങ്ങളില്‍ ചക്കയ്്ക്ക് പൊന്നിന്റെ വില കിട്ടിത്തുടങ്ങിയതും ഇതര സംസ്ഥാനങ്ങളില്‍ വന്‍വില ലഭിക്കുന്നതുമാണ് ചക്കയുടെ മൂല്യം തിരിച്ചറിഞ്ഞുള്ള മാറ്റത്തിലേക്ക് ഇപ്പോള്‍ നാടെത്തി നില്‍ക്കുന്നത്. വനിതകളുടെ കൂട്ടായ്മകളില്‍ ചക്ക വിഭവങ്ങളുണ്ടാക്കുന്നതിന്റെ പഠന ക്ലാസുകളും സജീവമായി. കഴിഞ്ഞ ദിവസം എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളി പാരിഷ് ഹാളില്‍ നടന്ന ചക്ക വിഭവ പരിശീലന കളരിയില്‍ നിരവധി വീട്ടമ്മമാരാണ് പങ്കെടുത്തത്. 250ലേറെ വിഭവങ്ങള്‍ ചക്ക കൊണ്ട് തയ്യാറാക്കുകയും പാചക പുസ്തകം രചിക്കുകയും ചെയ്ത ആന്‍സി മാത്യുവാണ് പരിശിലന ക്ലാസ് നയിച്ചത്. ചക്ക കൊണ്ട് ബോണ്ട, വട, മിക്‌സ്ചര്‍, പക്കാവട, ബജി, ചക്ക മഞ്ചൂരി, ചക്കക്കുരു പായസം തുടങ്ങിയവ ക്ലാസില്‍ ആന്‍സി മാത്യു നിര്‍മിച്ചുകാട്ടി. മാതൃവേദി സംഘടിപ്പിച്ച ക്ലാസില്‍ ഫാ. സെബാസ്റ്റ്യന്‍ കൊല്ലക്കുന്നേല്‍, ഫാ. ബ്രൈറ്റ്, ആനിമേറ്റര്‍ സിസ്റ്റര്‍ മെഴ്‌സി, മാതൃവേദി ഭാരവാഹികളായ കുഞ്ഞുമോള്‍ കൊക്കപ്പുഴ, ആലീസ് ജെയിംസ് തകടിയേല്‍, സിമി മണ്ണംപ്ലാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്ലാവിലത്തോരന്‍, ചകിണി തോരന്‍, ചക്ക കൊണ്ട് സാമ്പാര്‍, പച്ചടി, അച്ചാര്‍, പിസ, ജാം, ഐസ്‌ക്രീം, കേക്ക്, ബിസ്‌കറ്റ്, ബര്‍ഗര്‍, പത്തിരി, ചപ്പാത്തി, സമൂസ, ബിരിയാണി, ഹല്‍വ, തുടങ്ങിയവ ചക്കചുള ഉപയോഗിച്ച് വിഭവമാക്കുന്ന പാചക രീതികള്‍ ക്ലാസില്‍ വിവരിച്ചു. ചക്കയുടെ പുത്തന്‍വിഭവങ്ങളുണ്ടാക്കി വിതരണം ചെയ്ത് കഴിച്ചാണ് ക്ലാസ് അവസാനിച്ചത്.
Next Story

RELATED STORIES

Share it