Flash News

ഘര്‍വാപസിക്കായി എത്തിയവരുടെ മുന്നില്‍ പോലിസ് തൊഴുകൈയോടെ നിന്നു: ഹാദിയ

കോഴിക്കോട്: ആറു മാസം വീട്ടു തടങ്കലിലായിരുന്നപ്പോള്‍ തന്നെ കാണാന്‍ അനുമതി ലഭിച്ചവരെല്ലാം സനാതന ധര്‍മത്തിലേക്കു മടങ്ങണമെന്ന് ആവശ്യപ്പെട്ടാണു വന്നതെന്ന് ഹാദിയ. തനിക്കു സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പോലിസ് അവര്‍ക്കു മുന്നില്‍ തൊഴുകൈയോടെ നിന്നു. ഞാന്‍ കാര്യങ്ങള്‍ പറയുമ്പോള്‍ എന്നോട് വെറുപ്പു കാണിക്കുകയായിരുന്നു.
ദേശീയ വനിതാ കമ്മീഷന്‍ എത്തിയപ്പോള്‍ വീട്ടിലെ ദുരവസ്ഥ അവരോടു പറഞ്ഞിരുന്നു. എന്നാല്‍, അവര്‍ മാതാപിതാക്കളോട് അങ്ങനെയുണ്ടോ എന്ന് അന്വേഷിച്ച് തിരിച്ചുപോവുകയായിരുന്നു. എന്റെ ഒരു കാലിലെ മന്ത് മറ്റേ കാലിലേക്കു മാറ്റിയെന്നു പറഞ്ഞ ജാമിദ ടീച്ചര്‍ക്ക് ഞാന്‍ കാലുയര്‍ത്തി കാട്ടിക്കൊടുത്തു.
താന്‍ നിയമപോരാട്ടം ശരിക്കും തുടങ്ങിയിട്ട് രണ്ടു വര്‍ഷമായെന്നും രണ്ടു വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് തനിക്ക് നീതി കിട്ടിയതെന്നും ഹാദിയ പറഞ്ഞു. അതില്‍ എടുത്തുപറയാനുള്ള കാലഘട്ടം വിവാഹം റദ്ദാക്കി എന്നെ മാതാപിതാക്കളുടെ കൂടെ അയച്ച ഹൈക്കോടതി ഉത്തരവ് വന്ന മെയ് 24 മുതലുള്ള ആറു മാസക്കാലയളവാണ്. എല്ലാ കാര്യങ്ങളും താന്‍ സുപ്രിംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാലതു വേണ്ട പോലെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നൊരു സംശയമുണ്ട്.
ആരെയും കുറ്റപ്പെടുത്താനോ, ആരെയും ബുദ്ധിമുട്ടിലാക്കാനോ ഞാനുദ്ദേശിക്കുന്നില്ല. ഞാനിപ്പോള്‍ ഏകദേശം രക്ഷപ്പെട്ടൊരു അവസ്ഥയിലാണ്. നാളെയിതു പോലൊരു അവസ്ഥ ആര്‍ക്കും ഉണ്ടാവരുതെന്നാണ് ആഗ്രഹിക്കുന്നത്. രണ്ടു വര്‍ഷക്കാലം ഒരാളുടെ ജീവിതത്തില്‍ നിന്ന് ഇല്ലാതാവുക എന്നത് വലിയ കാര്യം തന്നെയല്ലേ? 24 വയസ്സു മുതലുള്ള രണ്ടു വര്‍ഷമാണ് എനിക്ക് നഷ്ടമായത്. പഠിക്കാനുള്ള കാലമാണ് അത്. എങ്കില്‍പ്പോലും ഞാന്‍ സന്തോഷവതിയാണ്. ഇനിയൊരാള്‍ക്കും ആ ഒരു അവസ്ഥയുണ്ടാവരുത്. മതപരിവര്‍ത്തനവും വിവാഹവുമായി ബന്ധപ്പെട്ടു എന്റെ പേരില്‍ നടന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. ഇനി ഒരു വിവാദം ഉണ്ടാവരുതെന്നും ഹാദിയ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it