ഗൗരി ലങ്കേഷ് വധം: യുവാവിനെ എസ്‌ഐടി ചോദ്യംചെയ്തു

ബംഗളൂരു: പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ടി നവീന്‍കുമാര്‍ എന്ന യുവാവിനെ പ്രത്യേകാന്വേഷണസംഘം (എസ്‌ഐടി) കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു കുമാര്‍. എട്ട് ദിവസത്തേക്കാണ് ഇയാളെ കോടതി പ്രത്യേകാന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടതെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (ബംഗളൂരു വെസ്റ്റ്) എം എന്‍ അനുചേത് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷിനെ സ്വവസതിയില്‍ വെടിവച്ചുകൊന്നത്. അനധികൃതമായി അഞ്ച് വെടിയുണ്ടകള്‍ കൈവശംവച്ചതിന് കഴിഞ്ഞമാസം 19നാണ് പോലിസ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഈ കേസിലാണ് കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. നവീന്‍ കുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയാളെ കൂടുതല്‍ ചോദ്യംചെയ്യാന്‍ പോലിസ് കോടതിയെ സമീപിച്ചത്.
ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രേഖാചിത്രങ്ങളിലൊന്നുമായും സിസിടിവി ദൃശ്യങ്ങളിലെ ഫോട്ടോയുമായും ഇയാള്‍ക്കു സാമ്യമുണ്ടെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it