thrissur local

ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം കലാമണ്ഡലത്തെ ഹരിതാഭമാക്കും : വൈസ് ചാന്‍സലര്‍



ചെറുതുരുത്തി: ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം കലാമണ്ഡലം കാംപസിനെ ഹരിതാഭമാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ് കുമാര്‍ പറഞ്ഞു. കലാമണ്ഡലത്തില്‍ വെച്ച് ചേര്‍ന്ന എന്‍എസ്എസ് ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാംപസില്‍ ആയിരം പന്നിയൂര്‍ കുരുമുളക് തൈകള്‍ നടുന്നതിനും ആറുമാസം കൊണ്ട് കായഫലം തരുന്ന മുരിങ്ങ വിത്ത് നടുന്നതിനും കറിവേപ്പ് തൈകള്‍ നടുന്നതിനും പദ്ധതിയുണ്ട്. കൂടാതെ കലാമണ്ഡലം ഒരു സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധിത കാംപസായി പരിവര്‍ത്തനം നടത്തുന്നതിനുമുള്ള പദ്ധതികള്‍ രൂപികരിച്ചു. നിളയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിന്റെ ഭാഗമായി വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടുകൂടി ഭാരതപ്പുഴയുടെ തീരങ്ങളില്‍ മുള തൈകള്‍ വെച്ച് പിടിപ്പിക്കുവാനുള്ള പദ്ധതിക്കും രൂപം നല്‍കി. കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല സമുന്നതമായ മാറ്റത്തിന്റെ പാതയിലാണെന്നും ഇതിന് മികച്ച സംഭാവന ചെയ്യാന്‍ എന്‍എസ്എസിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ശ്രേഷ്ഠമായ ഗ്രാമത്തെ ദത്തെടുക്കല്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിക്കുകയും നെടുമ്പുര ഗ്രാമത്തെ തിരഞ്ഞടുക്കുകയും ചെയ്തു. ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്ന ദൂഷ്യത്തെ സംബന്ധിച്ചും, വജ്രകേരളം പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ 60 വര്‍ഷ ചരിത്രത്തെ സംബന്ധിക്കുന്ന ഒരു ദൈര്‍ഘ്യമുള്ള രണ്ട് നൃത്തശില്‍പ്പങ്ങള്‍ കലാമണ്ഡലം ചിട്ടപ്പെടുത്താനും അത് കേരളത്തിലുടനീളം അവതരിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ എന്‍എസ്എസ് സ്റ്റേറ്റ് ലെയ്‌സണ്‍ ഓഫീസര്‍ ഡോ. കെ സാബുകുട്ടന്‍, കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചാര്‍ജ്ജുള്ള എന്‍എസ്എസ് റീജിണല്‍ ഡയറക്ടര്‍ സജിത് ബാബു, രജിസ്ട്രാര്‍ ഡോ. കെ കെ സുന്ദരേശന്‍, എന്‍ ചെല്ലപ്പന്‍ മാസ്റ്റര്‍, ഡോ. കെ കെ പി സംഗീത, പിടിഎ പ്രസിഡന്റ് സിന്ധു സുബ്രഹ്മണ്യന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എസ് ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it