Kollam Local

ഗ്രാമീണ ഗ്രന്ഥ ശാലകളുടെ പ്രവര്‍ത്തനം ശക്തമാക്കണം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ



കൊല്ലം: രാജ്യത്തിനാകെ മാതൃകയായ കേരളത്തിലെ ഗ്രാമീണ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ വായനാ ദിനത്തിന്റെയും വായനാപക്ഷാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളീയ സമൂഹത്തിന്റെ രക്തധമനികളാണ് ഗ്രാമീണ ഗ്രന്ഥശാലകള്‍. അവ പകര്‍ന്ന ഊര്‍ജ്ജമാണ് നവോഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജീവിത സംസ്‌കാരത്തെ വളര്‍ത്തിയെടുത്തത്. പുരോഗമനപരമായ മുന്നേറ്റങ്ങള്‍ക്കും വികസനത്തിന്റെ ബദല്‍ മാര്‍ഗങ്ങള്‍ക്കും പ്രേരണയായത് ഗ്രന്ഥശാലകള്‍ സൃഷ്ടിച്ച വായനയുടെ ലോകമാണ്. പുതിയ തലമുറയെ ഗ്രന്ഥശാലകളിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കൂട്ടായ പരിശ്രമം വേണം. അമിതാധികാര പ്രവണതകള്‍ക്കെതിരേ ചെറുത്തു നില്‍പ്പുകള്‍ സംഘടിപ്പിച്ചുകൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് എഴുത്തിനും വായനക്കും വലിയ പങ്കുവഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എം നൗഷാദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ ഡി എം ഐ. അബ്ദുള്‍ സലാം വായനാദിന സന്ദേശം നല്‍കി. മുന്‍ മന്ത്രി സി വി പത്മരാജന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഡോ നടയ്ക്കല്‍ ശശി, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി കെ ഗോപന്‍, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് തേവന്നൂര്‍ ഗോപാലകൃഷ്ണപിള്ള, സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ചവറ കെ എസ് പിള്ള, എക്‌സിക്യൂട്ടീവ് അംഗം എസ് നാസര്‍, ജന ശിക്ഷണ്‍ സന്‍സ്ഥാന്‍ വൈസ് ചെയര്‍മാന്‍ എന്‍ ജയചന്ദ്രന്‍, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ജനറല്‍ സെക്രട്ടറി ജി ആര്‍ കൃഷ്ണകുമാര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി സുകേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ് പങ്കെടുത്തു.
Next Story

RELATED STORIES

Share it