ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ക്ക് വര്‍ധിപ്പിച്ച ഓണറേറിയം ലഭിക്കുന്നില്ല

മുളവൂര്‍ സതീഷ്

ശാസ്താംകോട്ട: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം വര്‍ധിപ്പിച്ചു നല്‍കിയെങ്കിലും ഭൂരിഭാഗം ഗ്രാമപ്പഞ്ചായത്തിലെയും ജനപ്രതിനിധികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഗ്രാമപ്പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കാണ് ഓണറേറിയം ലഭിക്കാത്തത്.
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 2016 ആഗസ്ത് 10നാണ് സര്‍ക്കാര്‍ ഇരട്ടിയാക്കി വര്‍ധിപ്പിച്ചത്. 2016 ജൂലൈ ഒന്നു മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് വര്‍ധന നടപ്പാക്കിയത്. ഇതുപ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണറേറിയം 7900ല്‍ നിന്ന് 15,800 ആയി വര്‍ധിപ്പിച്ചു. അംഗങ്ങളുടേത് 4400ല്‍ നിന്ന് 8800ഉം ആയി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് 7300ല്‍ നിന്ന് 14,600ഉം അംഗങ്ങള്‍ക്ക് 3800ല്‍ നിന്ന് 7600ഉം ആയി വര്‍ധിപ്പിച്ചു. വൈസ് പ്രസിഡന്റുമാര്‍, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, അംഗങ്ങള്‍, കോര്‍പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍ എന്നിവര്‍ക്കും വര്‍ധന നടപ്പാക്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടേത് 6600ല്‍ നിന്ന് 13,200ഉം വൈസ്പ്രസിഡന്റുമാരുടേത് 5300ല്‍ നിന്ന് 10,600ഉം സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്ക് 4100ല്‍ നിന്ന് 8200ഉം അംഗങ്ങളുടേത് 3500ല്‍ നിന്ന് 7000 രൂപയുമായാണ് വര്‍ധിപ്പിച്ചത്.
ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ അംഗങ്ങളുടെ ഓണറേറിയം വര്‍ധിപ്പിച്ചു നല്‍കുമ്പോള്‍ ഉണ്ടാവുന്ന അധിക സാമ്പത്തികബാധ്യത സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നു വഹിക്കണമെന്നും ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കാര്യത്തില്‍ അധിക സാമ്പത്തികബാധ്യത ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നു വഹിക്കണമെന്നുമായിരുന്നു ഉത്തരവ്.
മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തില്‍ സാമ്പത്തികപ്രശ്‌നം ഇല്ലെങ്കിലും സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മണല്‍ലേലം, സിനിമാ തിയേറ്ററുകള്‍, ചന്തകള്‍, ഇറച്ചിലേലം തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം നിലച്ചതോടു കൂടി ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ബില്ല്, കുടിവെള്ളക്കരം തുടങ്ങിയവ നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് ഓണറേറിയം ലഭിക്കാതെ പോവുന്നത്. പലരും സ്വന്തം പണം ചെലവഴിച്ചാണ് പൊതുപ്രവര്‍ത്തനം നടത്തുന്നത്.



Next Story

RELATED STORIES

Share it