ഗ്രനേഡുമായി തിരുവഞ്ചൂര്‍ നിയമസഭയില്‍; പ്രശ്‌നം ഗുരുതരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്കെതിരേ പ്രയോഗിച്ചത് കാലാവധി കഴിഞ്ഞ ഗ്രനേഡാണെന്ന് മുന്‍ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ആരോപിച്ചു. ഗ്രനേഡുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ എത്തിയത് ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ വാക്‌പോരിന്് വഴിതെളിച്ചു. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടെ, കേരളത്തില്‍ പോലിസ് രാജ് നിലനില്‍ക്കുന്നുവെന്ന ആരോപണമുയര്‍ത്തിയാണു തിരുവഞ്ചൂര്‍ ഗ്രനേഡ് ഉയര്‍ത്തിക്കാട്ടിയത്. സെക്രട്ടേറിയറ്റിന് മുന്നിലൂടെ പോവുന്ന ആര്‍ക്കും ഇത്തരത്തില്‍ ഗ്രനേഡുകള്‍ കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌ഫോടകശേഷിയുള്ള ഗ്രനേഡാണു തിരുവഞ്ചൂര്‍ കൊണ്ടുവന്നതെങ്കില്‍ പ്രശ്‌നം ഗുരുതരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗ്രനേഡ് സുരക്ഷാ ഉദേ്യാഗസ്ഥര്‍ക്കു കൈമാറാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തുടര്‍ന്ന് നിര്‍മാണ തിയ്യതി രേഖപ്പെടുത്തിയ രസീത് അടക്കം ഗ്രനേഡ് മേശപ്പുറത്ത് വയ്ക്കുന്നതായി തിരുവഞ്ചൂര്‍ അറിയിച്ചു. ഇത്തരം ഗ്രനേഡ് ഉപയോഗിച്ച പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥനചര്‍ച്ച നടക്കുമ്പോഴായിരുന്നു സഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കേരളത്തില്‍ പോലിസ് രാജാണെന്നും ജനകീയ സമരങ്ങളെ അതിക്രൂരമായാണു പോലിസ് അടിച്ചമര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കവറില്‍ സൂക്ഷിച്ചിരുന്ന ഗ്രനേഡ് അദ്ദേഹം പുറത്തെടുത്തത്. ഉടനെ ഭരണപക്ഷത്ത് നിന്നും എസ് ശര്‍മ എംഎല്‍എ ക്രമപ്രശ്‌നം ഉന്നയിച്ച് എഴുന്നേറ്റു. തിരുവഞ്ചൂരിനെപ്പോലുള്ള മുതിര്‍ന്ന അംഗം ഇത്തരം മാരകായുധങ്ങളുമായി സഭയില്‍ വരാന്‍ പാടില്ലായിരുന്നുവെന്ന്് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കാമെന്നു സ്പീക്കര്‍ ഉറപ്പുനല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രശ്‌നത്തില്‍ ഇടപെട്ടു. തിരുവഞ്ചൂരിനെതിരെ റൂളിങ് വേണമെന്ന ഭരണപക്ഷ അംഗങ്ങളുടെ ആവശ്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയതോടെയാണ് ബഹളം അവസാനിച്ചത്.
Next Story

RELATED STORIES

Share it