Kottayam Local

ഗ്യാസിനും മണ്ണെണ്ണയ്ക്കും വില വര്‍ധന; വീട്ടമ്മമാര്‍ പഴമയുടെ അടുക്കളയിലേക്ക്

വൈക്കം: ഗ്യാസിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധനവില്‍ കുടുംബ ബജറ്റ് നിലനിര്‍ത്താന്‍ നട്ടംതിരിയുന്ന വീട്ടമ്മമാര്‍ പഴമയുടെ അടുക്കളയിലേക്കു തിരിയുന്നു. അടുക്കളയില്‍ ഇവര്‍ ഉയര്‍ത്തിയിരിക്കുന്നത് കളിമണ്ണില്‍ തീര്‍ത്ത അടുപ്പുകളാണ്. നിര്‍ജീവാവസ്ഥയിലായ മണ്‍പാത്ര നിര്‍മാണ മേഖലയ്ക്കും പഴമയുടെ അടുക്കള ജീവശ്വാസം നല്‍കിയിരിക്കുകയാണ്.
തലയാഴം, ഉദയനാപുരം, ടിവി പുരം പഞ്ചായത്തുകളിലാണ് ഈ രീതിയിലുള്ള അടുക്കളകള്‍ വീട്ടുമുറ്റങ്ങളില്‍ ഉയരുന്നത്. ടിവി പുരം പഞ്ചായത്തിലെ ചെമ്മനത്തുകരയിലെ ശിവരാത്രി മഹോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയ വിദേശികളായ ചില വിനോദ സഞ്ചാരികള്‍ അടുക്കള കണ്ട് അതിശയിച്ചു. ഇതോടെയാണ് ടിവി പുരത്തുള്ളവര്‍ പഴമയുടെ അടുക്കളയെ കുറിച്ച് അറിയാന്‍ തുടങ്ങുന്നത്. ഇതിനു ശേഷം ഏകദേശം അമ്പതിലധികം വീടുകളുടെ മുറ്റങ്ങളില്‍ ഷീറ്റുകള്‍ കൊണ്ട് വലിച്ചുകെട്ടി അടുക്കളപ്പുരകള്‍ ഉയര്‍ന്നു. കളിമണ്ണില്‍ തീര്‍ത്ത അടുപ്പിനു രണ്ടു കള്ളികളാണുള്ളത്. ഒരെണ്ണത്തില്‍ തീ പുകയുമ്പോള്‍ തൊട്ടടുത്ത അടുപ്പില്‍ ഇരിക്കുന്ന സാധനങ്ങള്‍ അടുപ്പില്‍ പുകയുന്ന തീയുടെ ചൂടില്‍ വേവുന്നു. ഇതിന്റെ ഗുണവശങ്ങള്‍ മനസ്സിലാക്കിയതോടെ ഇപ്പോള്‍ വീടുകളിലെല്ലാം കളിമണ്ണില്‍ തീര്‍ത്ത അടുപ്പുകള്‍ നിറയുകയാണ്.
200 മുതല്‍ 250 രൂപ വരെയാണ് ഇതിന്റെ വില. ഗ്യാസും മണ്ണെണ്ണയും ഇനി കിട്ടാതെ വന്നാലും അടുക്കളയില്‍ ഒരു കുഴപ്പവുമുണ്ടാവില്ലെന്ന് ആത്മവിശ്വാസത്തോടെ വീട്ടമ്മമാര്‍ അടിവരയിടുന്നു. മൂന്നു പഞ്ചായത്തുകളില്‍ നിറയുന്ന ഈ അടുക്കളപ്പുരകള്‍ മറ്റു സ്ഥലങ്ങളിലേക്കു കൂടി വ്യാപിക്കപ്പെട്ടാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന സാധാരണ കുടുംബങ്ങള്‍ക്കു വലിയ ആശ്വാസമായിരിക്കും ഇതു നല്‍കുക.
കാരണം ഈ അടുപ്പില്‍ സാധനങ്ങള്‍ വേവിച്ചെടുക്കാന്‍ വിറകും കുറച്ചുമതി. അടുപ്പില്‍ വിറകു വച്ചാല്‍ ഊതിക്കത്തിക്കേണ്ട ആവശ്യവുമില്ല. പഴയ തലമുറകള്‍ കാത്തുസൂക്ഷിച്ചിരുന്ന ഒരു പൈതൃകമൂല്യം പുതുതലമുറയ്ക്കു നേര്‍ക്കാഴ്ചയാവുകയാണ്.
Next Story

RELATED STORIES

Share it