ഗോവ: സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കും

പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ദീര്‍ഘനാളായി ചികില്‍സയിലായതോടെ ഭരണം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു കോണ്‍ഗ്രസ്.
നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി തങ്ങളാണെന്നും അതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കവേല്‍ക്കറുടെ നേതൃത്വത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ ഗവര്‍ണര്‍ മൃദുലസിന്‍ഹ രാജുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി. ഈ ആവശ്യമുന്നയിച്ച് ഗവര്‍ണര്‍ക്കു കോണ്‍ഗ്രസ് നിവേദനം നല്‍കി.
ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ്സിലെ 16 എംഎല്‍എമാരില്‍ 14 പേരും പങ്കെടുത്തു. 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. കര്‍ണാടകയില്‍ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിനെ തുടര്‍ന്നാണു കോണ്‍ഗ്രസ് ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയത്. 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 16 എഎല്‍എമാരും ബിജെപിക്ക് 14ഉം ആണുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഗോവയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 40 അംഗ നിയമസഭയില്‍ 16 അംഗങ്ങളെ ലഭിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തങ്ങളെ ക്ഷണിക്കണമെന്നു ഗവര്‍ണറോട് ആവശ്യപ്പെട്ടുവെങ്കിലും ഗവര്‍ണര്‍ ബിജെപിയെയാണു സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്.
ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, മൂന്നു സ്വതന്ത്രര്‍ തുടങ്ങിയവരുടെ പിന്‍തുണയോടെയായിരുന്നു ഭൂരിപക്ഷമില്ലാത്ത ബിജെപി ഗോവയില്‍ അധികാരത്തിലെത്തിയത്.
Next Story

RELATED STORIES

Share it