ഗോവ: പുറത്താക്കിയ മന്ത്രി ബിജെപിയില്‍ നിന്ന് രാജിക്ക്

പനാജി: പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുമെന്ന് ഗോവ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ബിജെപി എംഎല്‍എ. നിലവില്‍ യുഎസില്‍ ചികില്‍സയില്‍ കഴിയുന്ന ഫ്രാന്‍സിസ് ഡിസൂസയാണ് രാജിഭീഷണി മുഴക്കിയത്. ചികില്‍സ പൂര്‍ത്തിയാക്കി തിരിച്ചെത്തിയാല്‍ ബിജെപി കോര്‍കമ്മിറ്റിയില്‍ നിന്നു രാജിവയ്ക്കുമെന്ന് ഡിസൂസ അറിയിച്ചു. ആത്മാഭിമാനത്തിനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. ഗോവയിലെ മനോഹര്‍ പരീക്കര്‍ മന്ത്രിസഭയില്‍ നിന്നു ഗ്രാമവികസന മന്ത്രിയായിരുന്ന ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതിമന്ത്രി പന്ദുരംഗ് മണ്‍ഗെയ്ക്കര്‍ എന്നിവരെ പുറത്താക്കിയിരുന്നു. ഇവര്‍ക്ക് പകരം നിലേഷ് കബ്രാള്‍, മിലിന്ദ് നായിക് എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി പരീക്കര്‍ ചികില്‍സയില്‍ കഴിയുന്നതു കാരണം സംസ്ഥാനത്ത് ഭരണപ്രതിസന്ധി തുടരുന്നതിനിടെയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇടപെട്ട് മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയത്.
മന്ത്രിസ്ഥാനത്തുനിന്നു മാറ്റിയതിനെതിരേ നേരത്തേ തന്നെ ഡിസൂസ അതൃപ്തി അറിയിച്ചിരുന്നു. ബിജെപിയില്‍ 20 വര്‍ഷം സേവനമനുഷ്ഠിച്ചതിന്റെ പ്രതിഫലമാണ് തനിക്കു ലഭിച്ചതെന്നായിരുന്നു ഡിസൂസയുടെ പ്രതികരണം. അടുത്ത മാസം 15ന് താന്‍ മടങ്ങിയെത്തുമെന്ന് ഡിസൂസ അറിയിച്ചു. ഗോവയിലെ മപുസ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഡിസൂസ. പരീക്കര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങള്‍ നിര്‍വഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകനോട് ബിജെപിയില്‍ ചേരാന്‍ ഉപദേശിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it