Flash News

ഗോള്‍ ആഘോഷങ്ങളിലെ ഭിന്നഭാവങ്ങള്‍...

ഗോള്‍ നേടിയ ശേഷമുള്ള താരങ്ങളുടെ ആഘോഷങ്ങള്‍ എല്ലാ ലോകകപ്പിലും ചര്‍ച്ചകള്‍ക്കു വിധേയമാവാറുണ്ട്. സന്തോഷം പ്രകടിപ്പിക്കലിലുപരിയായി രാഷ്ട്രീയം, എതിരാളികള്‍ക്കുള്ള മുന്നറിയിപ്പ്, പരിഹാസം തുടങ്ങിയ പലതും അതില്‍ അടങ്ങിയിട്ടുണ്ടാവും. ആഘോഷം പ്രകടിപ്പിച്ചതിന്റെ പേരില്‍ താരങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനും പിഴയീടാക്കുന്നതിനുമെല്ലാം മുന്‍കാല ലോകകപ്പ് വേദികളും സാക്ഷിയായിട്ടുണ്ട്. ഫുട്‌ബോള്‍ ലോകത്തിന് മറക്കാനാവാത്ത ചില ഗോള്‍ ആഘോഷനിമിഷങ്ങളിതൊക്കെയാണ്.

ആട്ടിയോടിക്കപ്പെട്ടവരോടുള്ള പ്രതിഷേധം
ഈ ലോകകപ്പിലെ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട ഗോള്‍ ആഘോഷമായിരുന്നു സ്വിറ്റ്‌സര്‍ലന്റ് താരങ്ങളായ ഷെര്‍ദാന്‍ഷാക്കിരിയുടെയും ഗ്രാനിറ്റ് ഷാക്കെയുടെയും ഗോളാഘോഷം. ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയക്കെതിരായ മല്‍സരത്തില്‍ ഗോള്‍ നേടിയ ശേഷം ഇരുവരും കൈകള്‍ നെഞ്ചില്‍ പിണച്ചുവെച്ച് കഴുകന്റെ ആകൃതിയില്‍ തള്ളവിരലുകള്‍ കൂട്ടിമുട്ടിച്ചായിരുന്നു ഗോള്‍ ആഘോഷം പ്രകടിപ്പിച്ചത്.  അല്‍ബേനിയന്‍ ദേശീയ പതാകയിലെ ഇരട്ടത്തലയുള്ള കഴുകന്‍മാരെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ ചിഹ്നം. യുദ്ധകാലത്ത് സെര്‍ബിയയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവരായിരുന്നു ഇരുവരുടെയും കുടുംബം. സെര്‍ബിയയില്‍ നിന്ന് പിന്നീട് സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജ്യമാണ് കൊസോവ. ഇരുവരുടെയും ഗോളാഘോഷത്തിനെതിരേ സെര്‍ബിയ ഫിഫക്ക് പരാതി നല്‍കിയതോടെ സംഭവം വിവാദമായി. മൂന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് താരങ്ങള്‍ക്ക് ഫിഫ പിഴ ചുമത്തുകയും താക്കീത് ചെയ്യുകയും ചെയ്തു.

ബ്രസീല്‍... കാളിങ് ഫ്രം റഷ്യ...
റഷ്യന്‍ ലോകകപ്പിലെ ചില ബ്രസീലിയന്‍ താരങ്ങളുടെ ഗോളാഘോഷവും കൗതുകമുണര്‍ത്തുന്നതാണ്. ഗോളടിക്കു ശേഷം ഫോണ്‍ചെയ്യുന്ന മാതൃകയില്‍ രണ്ടു വിരലുകള്‍ ചെവിയോട് ചേര്‍ത്തുപിടിച്ചാണ് ഇവര്‍ ഗോള്‍നേട്ടം ആഘോഷിക്കുന്നത്.
ബ്രസീല്‍ താരം ഗബ്രിയേല്‍ ജീസസ് ആണ് ഈ ഗോള്‍ ആഘോഷത്തിന്റെ സൂത്രധാരന്‍. ചെറുപ്പത്തില്‍ തന്നെ ജീസസിനെ അച്ഛന്‍ ഉപേക്ഷിച്ചു പോയതാണ്. അതിന് ശേഷം ജീസസിന്റെ എല്ലാം അമ്മയായിരുന്നു. ഏറെ കഷ്ടതകള്‍ സഹിച്ചാണ് ജീസസിനെ അവര്‍ വളര്‍ത്തിയത്. അമ്മയും ജീസസും തമ്മിലുള്ള ആത്മ ബന്ധം അവന്റെ ശരീരത്തിലും തൊടുത്തുവിടുന്ന ഓരോ ഗോളിലും ദൃശ്യമാണ്.
കൈയില്‍ അമ്മയുടെ ചിത്രം പച്ചകുത്തിയിട്ടുള്ള ജീസസ് ഓരോ കളിക്ക് മുമ്പും അമ്മയ്ക്ക് ഫോണ്‍ ചെയ്യും. കളിക്കളത്തില്‍ എത്തിയാലും ജീസസിന് അമ്മയെ വിട്ടൊരു കളിയില്ല.  അമ്മയ്ക്ക് ഫോണ്‍ ചെയ്യുന്ന മാതൃകയില്‍ രണ്ട് കൈയും ചെവിയോട് ചേര്‍ത്ത് പിടിച്ചാണ് ഗബ്രിയേല്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്നത്. പിന്നീട് ഗബ്രിയേലിനോടൊപ്പം ചേര്‍ന്ന് നെയ്മര്‍, കുട്ടിഞ്ഞോ എന്നിവര്‍ ഈ മാതൃക പിന്തുടരുകയും ചെയ്യുന്നു.

ആഫ്രിക്കക്കാരുടെ
മാകറെന നൃത്തം
2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിനിടെയാണ് ഈ ആഹ്ലാദപ്രകടനം ലോകത്തിന്റെ ശ്രദ്ധയില്‍ പതിഞ്ഞത്. മെക്‌സിക്കോയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിലെ ആദ്യഗോള്‍ നേടിയശേഷം സൈഡ്‌ലൈനിനടുത്തെത്തിയ താരം ഷബലാലാ സഹതാരങ്ങളെ കാത്തുനിന്നു. താരങ്ങള്‍ ഓടിയെത്തിയ ശേഷം ഒരേ ചുവടുകളോടെയുള്ള മനോഹരമായ നൃത്തം. ദക്ഷിണാഫ്രിക്കന്‍ തനത് നൃത്തമായ മാകറെനയാണ് ഷബലാലാ അന്ന് ലോകത്തിനു മുമ്പില്‍ കാഴ്ചവച്ചത്. ആദ്യ റൗണ്ടിനപ്പുറം ദക്ഷിണാഫ്രിക്കയ്ക്ക് കടക്കാനായില്ലെങ്കിലും മാകറെന നൃത്തത്തിലൂടെ അവര്‍ ലോകത്തിന്റെ കൈയടി നേടുകയായിരുന്നു.

ബീച്ചിലെ വിശ്രമം; ഡെന്‍മാര്‍ക്ക് സ്‌റ്റൈല്‍
ഗോളടിച്ചശേഷം ഓടിപ്പോയി മൈതാനത്തെ പുല്‍ത്തകിടിയില്‍ തലയ്ക്കു കൈയും കൊടുത്തു വിശ്രമിക്കുക. ഡെന്‍മാര്‍ക്ക് താരം ലാഡ്രൂപ്പിന്റെ ഗോളാഘോഷം ഇങ്ങനെയായിരുന്നു. 1998ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പിനിടെയായിരുന്നു ഡെന്‍മാര്‍ക്ക് താരത്തിന്റെ ഈ ഗോളാഘോഷം.
ബ്രസീലിനെതിരേ ഗോള്‍ നേടിയ ശേഷം ലാഡ്രൂപ് ആഘോഷിക്കാനായി ഓടി. ടീം അംഗങ്ങള്‍ ഓടിയെത്തിയപ്പോഴേക്കും നിലത്ത് ചെരിഞ്ഞു കിടന്ന് കൈ തലയില്‍ വച്ച് നിസ്സംഗഭാവത്തില്‍ ആഘോഷം. ബീച്ചില്‍ വിശ്രമിക്കുന്നതു പോലെയായിരുന്നു ഇത്. മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ബ്രസീലിനോട് അടിയറവ് പറഞ്ഞെങ്കിലും താരത്തിന്റെ ഈ ഗോളാഘോഷം വ്യത്യസ്തമായി നിന്നു.

ബെബറ്റോയുടെ താരാട്ട് പാട്ട്
1994ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ ബ്രസീല്‍താരം ബെബറ്റോയുടേതായിരുന്നു ഈ വ്യത്യസ്ത ഗോളാഘോഷം. ഹോളണ്ടിനെതിരേ ബ്രസീലിന്റെ രണ്ടാം ഗോള്‍ നേടിയ ശേഷം ബെബറ്റോ കോര്‍ണര്‍ ഫഌഗിന് അടുത്തേക്കോടി. കൈകള്‍ തൊട്ടിലാടുന്നതു പോലെ വീശിയായിരുന്നു ബെബറ്റോയുടെ ആഹ്ലാദം. സഹതാരങ്ങളായ മാസിഞ്ഞോയും റൊമാരിയോയും ഇതേ മാതൃകയില്‍ ബെബറ്റോയുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ആയിടെ പിറന്ന മകനുള്ള സമര്‍പ്പണമായിരുന്നു ബെബറ്റോയുടെ ആഘോഷമെന്നു പിന്നീട് താരം വിശദീകരിച്ചു.
Next Story

RELATED STORIES

Share it