Flash News

ഗോപിനാഥന്‍പിള്ളയുടെ മരണം: അന്വേഷണം ഇഴയുന്നു

പി ജി  രവികുമാര്‍

ചേര്‍ത്തല:  ഗുജറാത്ത് പോലിസിന്റെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് ഗുലാം ശെയ്ഖിന്റെ പിതാവ്  ഗോപിനാഥന്‍പിള്ള(78)യുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴയുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും ശാസ്ത്രീയ   പരിശോധനാ ഫലത്തിനായി   കാത്തിരിക്കുകയാണെന്ന കാരണമാണ് പോലിസിന്റെ ഭാഗത്തു നിന്നുമുണ്ടാവുന്നത്.
മാവേലിക്കര താമരക്കുളം കൊട്ടക്കാശ്ശേരി മണലാടി തെക്കേതില്‍ വീട്ടില്‍ ഗോപിനാഥന്‍പിള്ള കഴിഞ്ഞ 11ന് ദേശീയപാതയില്‍ വയലാര്‍ കവലയില്‍ രാവിലെ ആറിന് ഉണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ഗോപിനാഥന്‍പിള്ളയുടെ സഹോദരന്‍  മാധവന്‍പിള്ളയുമായി കൊച്ചി അമൃതാ ആശുപത്രിയില്‍ പരിശോധനയ്ക്ക് പോവുമ്പോഴായിരുന്നു അപകടം.  മാധവന്‍ പിള്ളയാണ് കാര്‍ ഓടിച്ചിരുന്നത്.  കാറിന് പിന്നില്‍ മിനി ലോറി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ നിയന്ത്രണം വിട്ടു ഡിവൈഡറും കടന്നു എതിര്‍ റോഡിലേയ്ക്ക് വീഴുകയും എതിര്‍ ഭാഗത്ത് നിന്നും  വന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയുമായിരുന്നു.   തുടര്‍ന്ന് ഒരേ ദിശയില്‍ വന്ന ആറോളം വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ചെയ്തു.
പരിക്കേറ്റ ഗോപിനാഥന്‍ പിള്ളയെ  ചേര്‍ത്തല താലൂക്കാശുപത്രിയിലും തുടര്‍ന്ന് അമൃതാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 13ന് പുലര്‍ച്ചെ മരിച്ചു. അപകടത്തില്‍പെട്ട കാറില്‍ ടാങ്കര്‍ ലോറി ഉള്‍പ്പെടെ ഒന്നിലധികം വാഹനങ്ങള്‍ ഇടിച്ചതും മറ്റേതോ വാഹനത്തിന്റ കളര്‍ കാറില്‍ പതിഞ്ഞതും തുടക്കത്തിലേ ദുരൂഹതയുണര്‍ത്തിയിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഗോപിനാഥന്‍പിള്ളയുടെ ഗുജറാത്തിലെ അഭിഭാഷകനടക്കം ആരോപണമുന്നയിച്ചിരുന്നു.  പട്ടണക്കാട് എസ്‌ഐ ബി ഷാജിമോന്റെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണം ജില്ലാ പോലിസ് മേധാവി  എസ് സുരേന്ദ്രന്‍ ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ ചാലക്കുടി സ്വദേശി  സിജുവിനെയും അപകട സ്ഥലത്തും വാഹനങ്ങളിലും ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തു. മിനി ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് കൂട്ടിയിടിച്ച് റോഡിന്റെ എതിര്‍ ദിശയിലേയ്ക്ക് കാര്‍ പോയതെന്ന് ഗോപിനാഥന്‍പിള്ളയുടെ സഹോദരന്‍ മാധവന്‍പിള്ള പോലിസിന് മൊഴിനല്‍കിയിരുന്നു.
2004ലാണ് ജാവേദ് ഗുലാം ശെയ്ഖ്, ഇശ്രത് ജഹാന്‍, അംജദ് അലി, ജിഷന്‍ ജോഹര്‍ എന്നിവരെ ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരെന്ന് ആരോപിച്ച്  ഗുജറാത്ത് പോലിസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it