Flash News

ഗോഞ്ചിയൂര്‍ മറന്നിട്ടില്ലെന്ന് ആദിവാസികള്‍

അട്ടപ്പാടിയില്‍ സംഭവിക്കുന്നത് -5 - പി എച്ച് അഫ്‌സല്‍

ചിണ്ടക്കി പഴയൂരിലെ മധുവിന്റെ വീട്ടിലെത്തുമ്പോള്‍ അവിടെ ആള്‍ക്കൂട്ടവും മാധ്യമപ്പടയുമുണ്ട്. സുരേഷ് ഗോപി എംപി സന്ദര്‍ശിക്കുന്നത് അറിഞ്ഞെത്തിയവരാണ് എല്ലാവരും. ഞങ്ങളെത്തി അല്‍പസമയത്തിനുള്ളില്‍ സുരേഷ് ഗോപിയും സംഘവുമെത്തി. മധു കൊല്ലപ്പെട്ടിട്ട് 17 ദിവസമായിരുന്നു അന്നേക്ക്. ആദിവാസികളെ മൊത്തത്തില്‍ ഏറ്റെടുക്കുന്നതരത്തില്‍ വാഗ്ദാന പെരുമഴയായിരുന്നു പിന്നെ അവിടെ. പാവം ആദിവാസികളെ രാഷ്ട്രീയക്കാരും സിനിമാക്കാരും കാലങ്ങളായി പറ്റിക്കുന്നതിന്റെ നേര്‍ചിത്രമായിരുന്നു മധുവിന്റെ വീട്ടില്‍ അരങ്ങേറിയത്. നിങ്ങളുടെ എല്ലാ കാര്യവും ഞങ്ങളുടെ ആളുകള്‍ ഏറ്റെടുക്കുമെന്നു പറഞ്ഞ സുരേഷ് ഗോപി ചുറ്റും കൂടിനിന്ന ബിജെപി നേതാക്കളെ നോക്കി. എല്ലാം ഏറ്റെന്ന ഭാവത്തില്‍ അവര്‍ തലയാട്ടി. ''നായന്‍മാരും ഗോത്രവര്‍ഗവും എന്തെങ്കിലും ആവശ്യവുമായി എന്റെ മുന്നിലെത്തിയാല്‍ ഗോത്രവര്‍ഗത്തിനാണു താന്‍ മുന്‍ഗണന നല്‍കുക. എല്ലാ കാര്യങ്ങളും നോക്കാന്‍ മുകളില്‍ ഒരാളുണ്ട്. നിങ്ങള്‍ മലയാളത്തില്‍ ഒരു കത്തെഴുതി ഞങ്ങളുടെ ആളുകളെ ഏല്‍പ്പിക്കണം. ഞാനത് തര്‍ജ്ജമ ചെയ്ത് നേരിട്ട് മോദിയെ ഏല്‍പ്പിക്കാം.'' സുരേഷ് ഗോപി എംപി ഇതു പറയുമ്പോള്‍ മധുവിന്റെ അമ്മയുടെയും സഹോദരിമാരുടെയും കണ്ണുകളില്‍ പ്രതീക്ഷ വിടര്‍ന്നു. മധുവിന്റെ കുടുംബത്തെ ദത്തെടുക്കുന്ന കാര്യം ആലോചിക്കുമെന്നു പറഞ്ഞ സുരേഷ് ഗോപി ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം മധുവിന്റെ വീടിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത ശേഷമാണ് ചുരമിറങ്ങിയത്.
ഗോഞ്ചിയൂര്‍ ഊരിന്റെ കഥ അവിടെനിന്നാണു ഞങ്ങള്‍ കേള്‍ക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് സുരേഷ് ഗോപി ആഘോഷപൂര്‍വം ഏറ്റെടുത്ത ഊരാണ് ഗോഞ്ചിയൂര്‍. സുരേഷ് ഗോപി ദത്തെടുത്ത ഊരിലെ വികസനപദ്ധതികള്‍ നേരില്‍ കാണാന്‍ പിറ്റേദിവസം രാവിലെ തന്നെ ഞങ്ങള്‍ ഗോഞ്ചിയൂരിലെത്തി. കാട്ടിലൂടെയുള്ള വീതികുറഞ്ഞ ടാര്‍ റോഡ് ചെന്ന് അവസാനിച്ചത് തകര്‍ന്നുവീഴാറായ പഴയ വീടുകള്‍ നിറഞ്ഞ ആദിവാസി കോളനിയില്‍. കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിക്കുന്ന ചെറിയ കെട്ടിടത്തിലിരുന്ന് ഊരുമൂപ്പന്‍ പൊന്നുസ്വാമിയാണ് കഥകളുടെ കെട്ടഴിച്ചത്.
സുരേഷ് ഗോപി ഇവിടെ എത്തിയ ദിവസം ഊരുവാസികള്‍ ആഘോഷത്തിലായിരുന്നു. എല്ലാ വീട്ടുകാരും പണംപിരിച്ചാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. ഊരില്‍ ഊര് താളവും ഗോത്രമേളയും സംഘടിപ്പിച്ചു. ഞങ്ങളുടെ അവസ്ഥ കണ്ട് അദ്ദേഹം നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഒന്നും നടപ്പാക്കിയില്ല. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്‌കൂളിനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാമെന്നും പ്രഖ്യാപിച്ചു. ഞങ്ങളുടെ പരാതികള്‍ ഫോണില്‍ റിക്കാഡ് ചെയ്തു കൊണ്ടുപോയിരുന്നു. സുരേഷ് ഗോപി എംപിയായപ്പോള്‍ ഞങ്ങള്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. ഇന്നലെ മധുവിന്റെ വീട്ടിലെത്തിയ അദ്ദേഹം ഗോഞ്ചിയൂരിലെത്തുമെന്നു കരുതി. അതും ഉണ്ടായില്ലെന്ന് ഊരുമൂപ്പന്‍ പറഞ്ഞു.
ട്രൈബല്‍ സ്‌കൂളിലേക്ക് ലക്ഷങ്ങളുടെ പദ്ധതികളടക്കം ഊരുവികസനത്തിന് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയ സുരേഷ് ഗോപി ഒന്നും ചെയ്തില്ലെന്ന് അട്ടപ്പാടി ബ്ലോക്ക് അംഗമായിരുന്ന മണികണ്ഠന്‍ പറഞ്ഞു. ഊര് ദത്തെടുത്തെന്നു പ്രഖ്യാപിച്ച സുരേഷ് ഗോപി കുറച്ച് ടേബിള്‍ ലൈറ്റുകള്‍ മാത്രമാണു തന്നതെന്ന് ഊരുവാസിയായ ഫോറസ്റ്റ് വാച്ചര്‍ ചിന്നസ്വാമി പറഞ്ഞു. നിലവില്‍ ഒമ്പതു ചിത്രങ്ങള്‍ റിലീസാവാന്‍ ഉണ്ടെന്നും ഓരോ പടം കഴിയുമ്പോഴും ഓരോലക്ഷം വീതം ഊരിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സംഭാവന ചെയ്യാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
മധുവിന്റെ കുടുംബത്തെ ദത്തെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു പറഞ്ഞ സുരേഷ് ഗോപി എംപി രണ്ടുവര്‍ഷം മുമ്പ് ദത്തെടുത്ത ഗോഞ്ചിയൂരിന്റെ അവസ്ഥയാണ് മേല്‍ വിവരിച്ചത്. ആദിവാസി വിഭാഗങ്ങളോട് ഭരണകൂടവും സന്നദ്ധസംഘടനാ പ്രവര്‍ത്തകരുമെല്ലാം ചെയ്യുന്നതിന്റെ നേര്‍ചിത്രമാണിത്. ആദിവാസികളെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയാണ് ചുരംകയറിയെത്തുന്നവരെല്ലാം.

(അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it