ഗെയില്‍ സമരം ശക്തമാക്കും; നാളെ പ്രതിഷേധ മാര്‍ച്ച്

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം ശക്തമാക്കുമെന്ന് സമരസമിതി നേതാക്കള്‍. ഇതിന്റെ ഭാഗമായി നാളെ ഗെയില്‍ പൈപ്പ് ലൈന്‍ പ്രവൃത്തി നടക്കുന്ന മുക്കം നെല്ലിക്കാപറമ്പിലെ സൈറ്റിലേക്ക് മാര്‍ച്ച് നടത്തും. വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സര്‍ക്കാരും അധികൃതരും തയ്യാറാവണമെന്ന് സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നാളെ നടക്കുന്ന മാര്‍ച്ചില്‍ മേഖലയിലെ പഞ്ചായത്ത് അംഗം മുതല്‍ പാര്‍ലമെന്റ് അംഗം വരെയുള്ളവര്‍ പങ്കെടുക്കുമെന്ന് അവര്‍ പറഞ്ഞു. മാര്‍ച്ചിന് എം ഐ ഷാനവാസ് എംപി, കെ എം ഷാജി എംഎല്‍എ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ജനവാസമേഖല ഒഴിവാക്കുകയും അലൈന്‍മെന്റ് മാറ്റുകയും ചെയ്യണമെന്നാണ് ആവശ്യം. ഭൂമിക്ക് മാര്‍ക്കറ്റ് വിലയുടെ നാലിരട്ടിയെങ്കിലും നഷ്ടപരിഹാരം നല്‍കണം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണം. വ്യവസായ മന്ത്രിയുമായി നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങളൊന്നും നടപ്പായില്ല. പത്ത് സെന്റ് ഭൂമിയുള്ളവര്‍ക്ക് പത്ത് ലക്ഷം നല്‍കുമെന്ന ഉറപ്പും പാലിച്ചില്ല. ഏതാനും ചിലര്‍ക്ക് ചെക്ക് കൊടുത്ത് നാടകം കളിക്കുകയാണ്. അഞ്ച് സെന്റിന്റെയും പത്ത് സെന്റിന്റെയും കാര്യം പറഞ്ഞവര്‍ പന്ത്രണ്ടും പതിനഞ്ചും സെന്റ് ഭൂമിയുള്ളവരുടെ കാര്യം പറഞ്ഞില്ല. അതേസമയം, ചില ക്രഷറുകള്‍ക്കുവേണ്ടി അലൈന്‍മെന്റ് മാറ്റാന്‍ അധികൃതര്‍ തയ്യാറാവുകയും ചെയ്തു. ഇപ്പോഴും ഒരു കടലാസ്‌പോലും നല്‍കാതെ സര്‍വേയും മറ്റു നടപടികളും നിര്‍ബ്ബാധം തുടരുകയാണ്. പോലിസിനെ കയറൂരിവിട്ട് സമരം പൊളിക്കാനാണ് ശ്രമിക്കുന്നത്. പോലിസിന് മോക്ക് ഡ്രില്ലും മറ്റ് പരിശീലനവും നല്‍കുന്നത് ആരെ പേടിപ്പിക്കാനാണെന്ന് സമരസമിതി നേതാക്കള്‍ ചോദിച്ചു. ഇതുകൊണ്ടൊന്നും സമരത്തില്‍ നിന്ന് പിറകോട്ടുപോവില്ല. പ്രശ്‌നപരിഹാരം വരെ മുന്നോട്ടുപോവും. മറ്റു ജനവാസ മേഖലകളിലേക്കുകൂടി സമരം വ്യാപിപ്പിക്കുന്ന കാര്യം ആലേചിക്കുന്നുണ്ട്. നീലക്കുറിഞ്ഞിയില്‍ ജനവാസം കണ്ടെത്താന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തുമ്പോഴാണ് ഇത്രവലിയ ജനവാസ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതെന്ന് അവര്‍ പറഞ്ഞു. നിര്‍മാണ പ്രവൃത്തി നിര്‍ത്തിവച്ച് സര്‍ക്കാര്‍ ഇനിയെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാവണം. ജനുവരി ആദ്യവാരത്തില്‍ കോഴിക്കോട്ട് ഗെയില്‍ സമരത്തിന്റെ യാഥാര്‍ഥ്യം വിശദീകരിച്ചുള്ള സെമിനാര്‍ നടത്താനും ഇന്നലെ കോഴിക്കോട്ട് മലബാര്‍ ചേംബര്‍ ഹാളില്‍ ചേര്‍ന്ന സമരസമിതിയുടെ സംസ്ഥാനതല സമിതി യോഗം തീരുമാനിച്ചു. നേതാക്കളായ സി പി ചെറിയ മുഹമ്മദ്, റൈഹാന്‍ ബേബി, നിജേഷ് അരവിന്ദ്, അസ്‌ലം ചെറുവാടി, അബ്ദുല്‍ജബ്ബാര്‍ സഖാഫി, സബാഹ് പുല്‍പ്പറ്റ, ബാവ പൂക്കോട്ടൂര്‍, എം കെ അശ്‌റഫ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it