kannur local

ഗെയില്‍ പൈപ്പ് ലൈന്‍ നിര്‍മാണ പ്രവൃത്തി കൂറ്റേരിയില്‍ തടഞ്ഞു

പാനൂര്‍: ഗെയില്‍ പൈപ്പ്‌ലൈന്‍ നിര്‍മാണ പ്രവൃത്തി കൂറ്റേരി മേഖലയില്‍ നാട്ടുകാര്‍ തടഞ്ഞു. യാതൊരു മുന്നറിയിപ്പും നല്‍കാതെ പദ്ധതി പ്രദേശത്തെ ഫലവൃക്ഷങ്ങള്‍ മുറിച്ചുനീക്കാന്‍ തുടങ്ങിയതോടെയാണ് പ്രദേശവാസികള്‍ സംഘടിച്ചെത്തി തടഞ്ഞത്. കഴിഞ്ഞയാഴ്ച മുതലാണ് പാനൂരിനടുത്ത കൂറ്റേരിയില്‍ ഗെയില്‍ പാചകവാതക പൈപ്പ് ലൈനിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങിയത്. പ്രദേശവാസികള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെ പദ്ധതി പ്രദേശത്തെ മരങ്ങളും മറ്റും മുറിച്ചുനീക്കാന്‍ തുടങ്ങിയതോടെയാണ് പ്രദേശവാസികള്‍ എതിര്‍പ്പുമായെത്തിയത്. വിവരമറിഞ്ഞ് പാനൂര്‍ പോലിസും സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ സമരക്കാരോട് പദ്ധതി പ്രദേശത്ത് നിന്നുമാറി നില്‍ക്കാന്‍ ഗെയില്‍ പ്രതിനിധി ആവശ്യപ്പെട്ടത് രൂക്ഷമായ വാക്കേറ്റത്തിനു കാരണമായി. പോലിസ് ഇടപെട്ട് ഏറെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.സിഐ വിവി ബെന്നിയുടെ നേതൃത്വത്തില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ നഷ്ടപരിഹാര കണക്കും മറ്റും ബോധ്യപ്പെടുത്താമെന്ന തീരുമാനത്തില്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ഭാവി പരിപാടികള്‍ പ്രദേശവാസികള്‍ ഒന്നിച്ചിരുന്ന് ആലോചിച്ച് തീരുമാനിക്കുമെന്ന് സമരത്തിന് നേതൃത്വം നല്‍കിയ പാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ മടപ്പുര ചന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it