ഗെയില്‍ ഇരകള്‍ നിയമസഭാ മാര്‍ച്ച് നടത്തി

തിരുവനന്തപുരം: മണ്ണിനും ജീവനും രക്ഷ തേടി സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് ഗെയില്‍ ഇരകള്‍ നിയമസഭയിലേക്കു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജനകീയ സമരസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാര്‍ച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഗെയില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരായ സമരക്കാരുടെ ആവശ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ സബ്മിഷനായി പി ഉബൈദുല്ല ഗെയില്‍ പ്രശ്‌നം ഉന്നയിച്ചപ്പോള്‍  വികസനവിരുദ്ധമായ വാക്കുകള്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നാം വികസനവിരുദ്ധരല്ല. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ജനവാസമില്ലാത്ത സ്ഥലങ്ങളിലൂടെ ഗെയില്‍ പൈപ്പ് ലൈന്‍ പോവുന്നതിനെ ആരും എതിര്‍ക്കുന്നില്ല. സമരക്കാര്‍ക്കെതിരേ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സിഎജി റിപോര്‍ട്ടിന്റെയും അഭിഭാഷക കമ്മീഷന്റെയും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സമ്മേളനങ്ങളുടെ നടത്തിപ്പുകാര്‍ ഗെയിലിന്റെ കോണ്‍ട്രാക്ടര്‍മാരായിരുന്നുവെന്ന് എം ഐ ഷാനവാസ് എംപി ആരോപിച്ചു. ഗെയില്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ഭരണം നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണ്. പദ്ധതി പുനപ്പരിശോധിച്ചില്ലെങ്കില്‍ ഗെയിലിനെ അവസാനിപ്പിക്കാന്‍ കഴിയുന്ന സമരത്തിലേക്ക് കേരള ജനത നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പി കെ ബഷീര്‍ എംഎല്‍എ, പി ഉബൈദുല്ല എംഎല്‍എ, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, കെ എം ഷാജി എംഎല്‍എ, സി ആര്‍ നീലകണ്ഠന്‍, ഹമീദ് വാണിയമ്പലം, ഗഫൂര്‍ കുറുമാടന്‍, പി എ സലാം, എം ടി അഷ്‌റഫ്, അസ്‌ലം ചെറുവാടി, എ ഗോപാലന്‍, കണ്ണൂര്‍ ജബ്ബാര്‍ സഖാഫി, എന്‍ അബ്ദുല്‍ സത്താര്‍, പി കെ ബാവ സംസാരിച്ചു. കെ രാമന്‍കുട്ടി, വിനോദ് മേക്കോന്ന്, കെ പി അബ്ദുര്‍റഹ്മാന്‍, ബഷീര്‍ പുതിയോട്ടില്‍, റൈഹാനത്ത് ബേബി, സലാം തേക്കുംകുറ്റി, ടി പി മുഹമ്മദ്, നജീബ് കാരങ്ങാടന്‍, കരീം പങ്കല്‍, ബഷീര്‍ ഹാജി വി പി, മജീദ് പുതുക്കാടി, കെ കെ ബാവ, വി പി നിസാം, എന്‍ കെ അഷ്‌റഫ്, സാലിം, മുനീര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it