kozhikode local

ഗെയില്‍ അതോറിറ്റിയുടെ വ്യാജ ടാക്‌സി: പ്രതിഷേധവുമായി ഡ്രൈവര്‍മാര്‍

താമരശ്ശേരി: ഗെയില്‍ അതോറിറ്റിയുടെ കള്ള ടാക്‌സി ഉപയോഗത്തിനെതിരേ പ്രതിഷേധവുമായി  ടാക്‌സി ഡ്രൈവര്‍മാര്‍.  30 സ്വകാര്യ വാഹനങ്ങള്‍ കള്ള ടാക്‌സിയായി ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് ടാക്‌സി ജീവനക്കാര്‍ കിനാലൂരിലെ ഗെയില്‍ ക്യാംപിന് സമീപം പ്രതിഷേധവുമായെത്തിയത്. ഗെയിലിന് വേണ്ടി സര്‍വീസ് നടത്താനെത്തിയ സ്വകാര്യ വാഹനം തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ബാലുശ്ശേരി പോലിസ് വ്യാജടാക്‌സി കസ്റ്റഡിയിലെടുക്കുന്നതിന് പകരം ടാക്‌സി ജീവനക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗെയിലിന്റെ വ്യാജ ടാക്‌സി ഉപയോഗത്തിനെതിരേ രംഗത്തെത്തിയത്. സംസ്ഥാന വ്യാപകമായി ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ബാലുശ്ശേരി കിനാലൂരിലെ ഗെയില്‍ ക്യാംപിന് സമീപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
ടാക്‌സി ഡ്രൈവര്‍മാര്‍ സംഘടിച്ചതോടെ സര്‍വീസ് നടത്താന്‍ എത്തിയിരുന്ന സ്വകാര്യ വാഹനങ്ങള്‍ ക്യാംപിനുള്ളലേക്കുമാറ്റി. ഗെയില്‍ പ്രവൃത്തിക്കുള്ള വാഹനം തടയാന്‍ അനുവദിക്കില്ലെന്നായിരുന്നു സീനിയര്‍ എസ്‌ഐ സുമിത് കുമാര്‍ ടാക്‌സി ഡ്രവൈര്‍മാരെ അറിയിച്ചത്. നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന ഒരു വാഹനമെങ്കിലും കസ്റ്റഡിയില്‍ എടുക്കണമെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് തയ്യാറായില്ല.
രാവിലെ ബാലുശ്ശേരി സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ പോലിസ് തയ്യാറായില്ലെന്നും ടാക്‌സി ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. സമരം ഗെയിലിനെതിരല്ലെന്നും നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്ന വ്യാജ ടാക്‌സികള്‍ക്കെതിരാണെന്നും കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഖാസിം പറഞ്ഞു.
പരിസര പ്രദേശങ്ങളില്‍ പോലും നിരവധി ടാക്‌സി ജീവനക്കാര്‍ ജോലിയില്ലാതെ പ്രയാസപ്പെടുമ്പോഴാണ് ഗെയില്‍ അതോറിറ്റി വ്യാജടാക്‌സികള്‍ ഉപയോഗിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി സ്വീകരിക്കാതെ ടാക്‌സി ജീവനക്കാരെ പ്രതിയാക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it