World

ഗൂത്തയില്‍ മരണം 674 ആയി

ദമസ്‌കസ്: സിറിയയിലെ വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്തയില്‍  അസദിന്റെ  സൈന്യം റഷ്യയുടെ സഹായത്തോടെ നടത്തുന്ന രൂക്ഷമായ ആക്രമണം രണ്ടാഴ്ച പിന്നിടുന്നു. തീമഴപോലെ വര്‍ഷിക്കുന്ന ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 674 ആയി.
30 ദിവസം നീളുന്ന വെടിനിര്‍ത്തലിന്  യുഎന്‍ രക്ഷാസമിതി ഒരാഴ്ച മുമ്പ് ആഹ്വാനം ചെയ്തിരുന്നെങ്കിലും അതു നടപ്പാക്കാന്‍ സിറിയന്‍ ഭരണകൂടവും റഷ്യയും തയ്യാറായിട്ടില്ല. ദിവസം അഞ്ചു മണിക്കൂര്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്നു റഷ്യന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതും പ്രഹസനമായി. യുഎന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത ശേഷം സിറിയന്‍ സൈന്യം നടത്തിയ കര-വ്യോമ ആക്രമണത്തില്‍ 22 കുട്ടികളടക്കം 43 സ്ത്രീകളും നൂറിലധികം സിവിലിയന്‍മാരും കൊല്ലപ്പെട്ടതായി സിറിയന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
പ്രദേശത്തു നിന്നു രക്ഷപ്പെടാനാവാത്തതു കാരണം ആയിരക്കണക്കിനു കുടുംബങ്ങള്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിച്ച് അഭയം തേടിയിരിക്കുകയാണ്. ആക്രമണങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ തങ്ങള്‍ക്കു മറ്റു വഴികളില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. അതേസമയം, സിറിയയിലെ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തം പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഏറ്റെടുക്കണമെന്നു ലോകനേതാക്കള്‍ ആവശ്യപ്പെട്ടു.
പരിക്കേറ്റവരെ ഉടന്‍ ഉപരോധ മേഖലയില്‍ നിന്നു മാറ്റാന്‍ നടപടിയെടുക്കണമെന്നു ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുട്ടികളടക്കം 84 പേരെ അടിയന്തര ചികില്‍സയ്ക്കായി ഉടന്‍ ഉപരോധ മേഖലയില്‍ നിന്നു മാറ്റണമെന്നും 1000ല്‍ അധികം പേര്‍ക്ക് ചികില്‍സ ആവശ്യമുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. 2013 മുതല്‍ സിറിയന്‍ സൈന്യത്തിന്റെ ഉപരോധത്തിലാണ് കിഴക്കന്‍ ഗൂത്ത.
Next Story

RELATED STORIES

Share it